ദില്ലി: കൊവിഡ് രോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ പടക്കം നിരോധിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടി. ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ടാണ് നിരോധനം. കൊവിഡ് പ്രതിരോധം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തിയിരുന്നു. ആഘോഷപരിപാടികള്‍ക്ക് ശേഷം കേസുകള്‍ ഉയരുന്നതായി സര്‍ക്കാര്‍ വിലയിരുത്തി. ദുര്‍ഗപൂജക്ക് ശേഷവും ദസറക്ക് ശേഷവും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതും രോഗികള്‍ വര്‍ധിക്കാന്‍ കാരണമായെന്നും വിലയിരുത്തി. അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നത് രോഗബാധ വര്‍ധിക്കാനും കൊവിഡ് രോഗികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാനും കാരണമാകുമെന്നും യോഗം വിലയിരുത്തി. നേരത്തെ ബംഗാള്‍ സര്‍ക്കാറും പടക്കം നിരോധിച്ചിരുന്നു. സിക്കിം, രാജസ്ഥാന്‍, ഒഡിഷ സര്‍ക്കാറുകളും പടക്കം നിരോധിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഐസിയു, ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഒരുക്കാനും ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു.