ദില്ലി: ആദ്യ ബാച്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ജൂലായ് അവസാന ആഴ്ചയോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ തീരുമാനിച്ച തീയതിക്ക് 11 ആഴ്ച വൈകിയാണ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിന് തുടക്കമിടുക. 36 വിമാനങ്ങളില്‍ നാലെണ്ണമാണ് ആദ്യം എത്തിക്കുക. മെയ് ആദ്യ ആഴ്ചയില്‍ ആദ്യ ബാച്ച് വിമാനങ്ങള്‍ എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 

2016ലാണ് ഫ്രാന്‍സുമായി ഇന്ത്യ റഫാല്‍ കരാറില്‍ ഒപ്പിടുന്നത്. 58,000 കോടിയുടേതാണ് കരാര്‍. തുടക്കം മുതലേ കരാര്‍ വിവാദത്തിലായിരുന്നു. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ തഴഞ്ഞ് പ്രവര്‍ത്തന പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് കരാര്‍ നല്‍കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, റാഫേല്‍ കരാറുമായി സംബന്ധിച്ച കേസ് സുപ്രീം കോടതി തള്ളിയത് സര്‍ക്കാറിന് ആശ്വാസമായി. 

36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിമാനത്തിന്റെ വില, നടപടിക്രമങ്ങള്‍ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബഞ്ച്, 2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ആയില്ലെന്ന് വിധിച്ചത്. നടപടിക്രമങ്ങളും കോടതി ശരിവച്ചു.