മുംബൈ: മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് മഹാരാഷ്ട്രയിൽ രജിസ്റ്റര്‍ ചെയ്തു. മൊബൈൽ ഫോൺ വഴി മൂന്ന് തലാഖും ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച താനെ സ്വദേശി ഇംത്യാസ് ഗുലാം പട്ടേലിനെതിരെയാണ് പൊലീസ് കേസെടുത്തത്. 

ഫോൺ വിളിച്ച് തലാഖ് ചൊല്ലിയതിന് പുറമേ വാട്സാപ്പ് വഴിയും ഇയാൾ തലാഖ് സന്ദേശമയച്ചു. കഴിഞ്ഞ നവംബറിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് ഭാര്യ  താനെ പൊലീസിൽ പരാതി നൽകുന്നത്. പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും മൊഴി ചൊല്ലിയശേഷം ഇയാൾ ഈ യുവതിയെ വിവാഹം കഴിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു.

ഗാർഹിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും മുംബൈ പൊലീസ് സീനിയർ ഇൻസ്പെക്ടർ മധുകർ കാഡ് അറിയിച്ചു. ഒറ്റയടിക്ക് മൂന്ന് തലാഖും ചൊല്ലുന്നത് മൂന്ന് വർഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാകുന്ന നിയമം കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിൽ വന്നത്.