ദില്ലി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 17 മുതൽ ജൂലൈ  നടക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ലോക്സഭാ സമ്മേളനത്തിന്‍റെ തീയതി തീരുമാനിച്ചത്. പ്രോ ടെം സ്പീക്കറായി മനേക ഗാന്ധിയെ നിശ്ചയിച്ചതായാണ് സൂചന. ജൂൺ 19നാണ് സ്പീക്കർ തെര‌ഞ്ഞെടുപ്പ്. 

ആദ്യ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജൂൺ പതിനേഴിന് സഭ ചേരാൻ തീരുമാനിച്ച വിവരം ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ആദ്യ രണ്ട് ദിവസം പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങാവും നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിക്കുന്നത് പ്രോ ടെം സ്പീക്കർ ആയിരിക്കും. തുടർന്ന് നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയും.

ജൂലൈ അഞ്ചിന് പൊതുബജറ്റ് അവതരിപ്പിക്കാനും ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ അറിയിച്ചു. നിർമ്മല സീതാരാമനാണ് പുതിയ കേന്ദ്ര ധനകാര്യ മന്ത്രി

പ്രധാനമന്ത്രി സ്ഥാനത്തേക്ക് രണ്ടാമതും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബിജെപി നേതാവാണ് നരേന്ദ്രമോദി. ജവഹർലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി, ഡോ.മൻമോഹൻ സിംഗ് എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കോൺഗ്രസ് നേതാക്കൾ.

ആദ്യ സമ്മേളനത്തിൽ തൊഴിൽ നിയമങ്ങളിൽ സമഗ്ര ഭേദഗതി കൊണ്ടുവരാനുള്ള ബിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 44 തൊഴിൽ നിയമങ്ങളെ നാല് കോഡുകളാക്കി തിരിക്കാനാണ് പുതിയ നിയമഭേദഗതി ലക്ഷ്യമിടുന്നത്. വേതനം, വ്യവസായ വികസനം, സാമൂഹ്യസുരക്ഷ, തൊഴിൽ സുരക്ഷ എന്നീ വിഭാഗങ്ങളാക്കി തരം തിരിച്ച് ഒറ്റ കുടക്കീഴിൽ ലളിതമാക്കാനാണ് തീരുമാനം.

എല്ലാ തൊഴില്‍ മേഖലയിലും കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും പിരിച്ചുവിടൽ വ്യവസ്ഥകൾ ഉദാരമാക്കുകയും ചെയ്ത ഒന്നാം മോദി സർക്കാരിന്‍റെ ഓ‍ർഡിനൻസ് വിവാദമായിരുന്നു. ബിജെപി അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് അടക്കം ഇതിനെതിരെ സമര രംഗത്തുണ്ടായിരുന്നു. പുതിയ തൊഴിൽ നിയമ ഭേദഗതി തൊഴിൽ നിയമങ്ങളെ ഉദാരമാക്കുമോ എന്നാണ് കണ്ടറിയേണ്ടത്.