പാറ്റ്ന എയിംസിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യാദവേന്ദ്ര ഷാഹു എന്ന ഒഡീഷ സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരണകാരണം അന്വേഷിച്ചുവരികയാണ്.

പാറ്റ്ന: ബിഹാറിൽ പാറ്റ്ന എയിംസിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യാദവേന്ദ്ര ഷാഹു എന്ന വിദ്യാർത്ഥിയെ ആണ് ഫുൾവാരിഷ്രിഫ് പിഎസിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷ സ്വദേശിയാണ് മരിച്ചത്.

രാവിലെ മുതൽ വിദ്യാർത്ഥിയുടെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിദ്യാർത്ഥി മുറി തുറക്കുന്നില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് വിളി വന്നതെന്ന് എസ്ഡിപിഒ ഫുൾവാരി ഷെരീഫ് പറഞ്ഞു. അടുത്ത് മൊബൈൽ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും അനക്കമില്ലാത്തത് എല്ലാവരിലും സംശയം ജനിപ്പിക്കുകയായിരുന്നു.

ഉടനെ പൊലീസ് സംഘം ഹോസ്റ്റലിൽ എത്തി. എയിംസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെയും മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിൽ വാതിൽ തുറന്നു. കട്ടിലിൽ കിടക്കുന്ന നിലയിലാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സയൻസ് ലബോറട്ടറി സംഘമെത്തിയിരുന്നു. വിദ്യാർത്ഥിയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)