Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഇന്ത്യൻഎംബസി സഹായിക്കുന്നില്ലെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍

ഇന്ത്യൻഎംബസി തങ്ങളെ അവഗണിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ഫോൺ ചെയ്താൽ പോലും ഇന്ത്യൻഎംബസി പ്രതികരിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.

fishermen trapped in iran say indian embassy is not helping covid 19
Author
Delhi, First Published Mar 8, 2020, 3:22 PM IST

ദില്ലി: കൊവിഡ് 19നെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ  മലയാളികൾ ഉള്‍പ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപെട്ടെന്ന വിദേശകാര്യസഹമന്ത്രിയുടെ വാദം  പൊളിയുന്നു.  ഇറാനിലെ ഇന്ത്യന്‍ എംബസി തിരിഞ്ഞു നോക്കിയില്ലെന്നും, ഇതുവരെയും വൈദ്യസഹായം കിട്ടിയില്ലെന്നും കിഷ് ദ്വീപില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികള്‍ പുതിയ വിഡിയോ സന്ദേശത്തില്‍ പരാതിപ്പെട്ടു. സ്പോണ്‍സര്‍മാരുടെ പീഡനം തുടരുകയാണെന്ന് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളുംവ്യക്തമാക്കി.

കുടിക്കാന്‍ വെള്ളമില്ലെന്നും, പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ഇതുവരെ എത്തിയിട്ടില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഏതാനും ബിസ്കറ്റ് പാക്കറ്റുകള്‍ തൊഴിലുടമയെ ഏല്‍പിച്ച് എംബസി ഉദ്യോഗസ്ഥര്‍ മടങ്ങിയെന്നും ഇവര്‍ പരാതിപ്പെടുന്നു. ഒരു മലയാളി ഉള്‍പ്പടെ 340 പേരാണ് കിഷ് ദ്വീപില്‍ കുടുങ്ങിയിരിക്കുന്നത്. ഫോൺ ചെയ്താൽ പോലും ഇന്ത്യൻ എംബസി പ്രതികരിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. മാസ്കും, ഗ്ലൗസും അടക്കമുള്ള പ്രതിരോധ സാമഗ്രികൾ കിട്ടാനില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

അതേസമയം, വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്കയക്കില്ലെന്ന സ്പോണ്‍സര്‍മാരുടെ ഭീഷണി ഇപ്പോഴും തുടരുകയാണെന്നാണ് അസൂരില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികല്‍ വ്യക്തമാക്കുന്നത്.  ഭക്ഷണം പോലും നല്‍കാതെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു. ഇവിടെ കുടുങ്ങിയ 23 മത്സ്യതൊഴിലാളികളില്‍ 17 പേര്‍ മലയാളികളാണ്. കിഷ്ദ്വീപിലും അസൂരിലുമായി കുടുങ്ങിയ മത്സ്യതൊഴിലാളികളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരെല്ലാം നല്ല ആരോഗ്യത്തിലാണെന്നും,അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടുമെന്നുമാണ് മൂന്ന് ദിവസം മുന്‍പ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററില്‍  അവകാശപ്പെട്ടത്. പുനെ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ച് ആരോഗ്യനില തൃ്പതികരമെന്ന് കണ്ടാല്‍ മത്സ്യതൊഴിലാളികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read Also: 'വിസയുടെ ബാക്കി പണം നല്‍കാതെ നാട്ടിലേക്ക് അയക്കില്ല'; സ്പോണ്‍സറുടെ ഭീഷണിയെന്ന് ഇറാനില്‍ കുടുങ്ങിയവര്‍

Follow Us:
Download App:
  • android
  • ios