വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തയതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു

തിരുവനന്തപുരം: സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്കയക്കില്ലെന്നാണ് സ്പോണ്‍സറുടെ ഭീഷണി. കൂടാതെ വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്ന് സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തയതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

ഇറാനിലെ അസലൂരിലാണ് 23 മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 17 പേര്‍ മലയാളികളാണ്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുൻപാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിൽ പോയത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇവർ ബുദ്ധിമുട്ടിലായത്. ആളുകൾ പുറത്തിറങ്ങാത്ത സ്ഥിതിയാണ്. കടകൾ അടച്ചിട്ടിരിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ആഹാരം പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ നോർക്കയ്ക്ക് കേരള സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.