കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലുണ്ടായ ശക്തമായ മഴയിലും മണ്ണൊലിപ്പിലുമാണ് ഓട്ടോ ഒലിച്ചുപോയത്. ആ സമയത്ത് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ഉമേഷും മറ്റു നാലു പേരും അദ്ഭുതകരമാം വിധം രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ മുഡിഗെരെ താലൂക്കിൽ പ്രളയത്തിനിടെ മണ്ണിനടിയിലായിപ്പോയ ഓട്ടോറിക്ഷ കണ്ടെത്തിയത് അഞ്ച് മാസങ്ങൾക്ക് ശേഷം. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലുണ്ടായ ശക്തമായ മഴയിലും മണ്ണൊലിപ്പിലുമാണ് ഓട്ടോ ഒലിച്ചുപോയത്. ആ സമയത്ത് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ഉമേഷും മറ്റു നാലു പേരും അദ്ഭുതകരമാം വിധം രക്ഷപ്പെടുകയായിരുന്നു. ചിക്കമംഗളൂരുവിലെ കൊട്ടിഗെഹെരെയിൽ നിന്ന് യാത്രക്കാരെയും കൊണ്ട് ചർമ്മാഡി ചുരം വഴി പോകുമ്പോഴാണ് ശക്തമായ മഴയിൽ മിനുട്ടുകൾക്കുളളിൽ കോഫി എസ്റ്റേറ്റിനു മുന്നിലെ റോഡ് ഒലിച്ചുപോയതെന്ന് ഉമേഷ് പറയുന്നു. 

ഓട്ടോ കണ്ടെത്തിയതിനെ തുടർന്ന് ദുരിത ബാധിതർക്കു നൽകുന്ന സഹായത്തിനായി സർക്കാരിനെ സമീപിച്ചെങ്കിലും പ്രകൃതി ദുരിതങ്ങൾ മൂലമുള്ള നാശനഷ്ടങ്ങൾക്കുള്ള സഹായങ്ങളിൽ വാഹനങ്ങൾ ഉൾപ്പെടില്ലെന്നാണ് അവർ അറിയിച്ചത്. തന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ. സഹായത്തിനായി ആദ്യം പഞ്ചായത്ത് അധികൃതരെയും പിന്നീട് ഡെപ്യൂട്ടി കമ്മീഷണറെയും ഇൻഷുറൻസ് കമ്പനി അധികൃതരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും ഉമേഷ് പറയുന്നു