ജനിതക രോഗമായ ജലസീമിയ ബാധിതരായ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവെച്ചു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ബൂം ജില്ലയിലാണ് സംഭവം. ഇതേ തുടർന്ന് സിവിൽ സർജനായ ഡോക്ടറടക്കം അഞ്ച് ആരോഗ്യ പ്രവർത്തകരെ മുഖ്യമന്ത്രി സസ്പെൻ്റ് ചെയ്തു
റാഞ്ചി: തലസീമിയ രോഗബാധിതരായ അഞ്ച് കുട്ടികൾക്ക് രക്തം കുത്തിവച്ചതിന് പിന്നാലെ എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിൽ ജാർഖണ്ഡിൽ ഡോക്‌ടറടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലാ സിവിൽ സർജനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയുമാണ് സസ്പെൻ്റ് ചെയ്തത്. ഏഴ് വയസുകാരനായ തലസീമിയ ബാധിതൻ്റെ കുടുംബം ആരോപണവുമായി രംഗത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരിട്ടാണ് നടപടിയെടുത്തത്.
ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉത്‌പാദിപ്പിക്കാത്തത് മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് തലസീമിയ. മാതാപിതാക്കളില്‍ നിന്ന് ജനിതകമായി പകര്‍ന്നു കിട്ടുന്ന ഇത് രക്തത്തിൽ ചുവന്ന രക്താണുക്കളുടെ നാശത്തിലേക്കും വിളര്‍ച്ചയടക്കം ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും. ഈ രോഗമുള്ള ജാർഖണ്ഡിലെ ഏഴ് വയസുകാരന് വെസ്റ്റ് സിങ്ബൂം ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചായ്ബാസയിലെ സ്വകാര്യ രക്ത ബാങ്കിൽ നിന്ന് രക്തം കുത്തിവച്ചിരുന്നു. ഇത് എച്ച്ഐവി ബാധയുള്ള രക്തമായിരുന്നു. പരിശോധനയിൽ നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി ബാധയുള്ള രക്തം കുത്തിവെച്ചതായി കണ്ടെത്തി.
സംഭവത്തിൽ വിശദമായ പരിശോധന നടത്താൻ മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. പരാതിക്കാരനായ കുട്ടിക്ക് 25 യൂണിറ്റ് രക്തം പലതവണയായി ഇവിടെ നിന്നും കുത്തിവച്ചിരുന്നു. എങ്കിലും ഒരാഴ്ച മുൻപാണ് കുട്ടിക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ബൂം ജില്ലയിൽ മാത്രം നിലവിൽ 515 എച്ച്ഐവി ബാധിതരുണ്ട്. 56 തലസീമിയ രോഗികളും ഈ ജില്ലയിലുണ്ട്.


