ദില്ലി വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിൽ കയറിയ 200 ലേറെ യാത്രക്കാരെ രണ്ട് മണിക്കൂറോളം വിമാനത്തിൽ ഇരുത്തിയ ശേഷം തിരിച്ചിറക്കി. Air India Singapore Flight Delayed After Glitch, Passengers Deplaned in Delhi

ദില്ലി: വിദേശത്തേക്ക് പോകാൻ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ദില്ലി വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. യാത്രക്കാരായ 200 ലേറെ പേരെ രണ്ട് മണിക്കൂറോളം നേരം വിമാനത്തിനകത്ത് ഇരുത്തിയ ശേഷം തിരിച്ചിറക്കി വിമാനത്താവളത്തിലേക്ക് മാറ്റി.

എഐ2380 ബോയിങ് 787-9 ഡ്രീംലൈനർ വിമാനത്തിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിക്കായിരുന്നു വിമാനം ദില്ലി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ഇതിനായി യാത്രക്കാരെ എല്ലാവരെയും വിമാനത്തിൽ അകത്ത് കയറ്റിയ ശേഷം വിമാനത്തിലെ എസിയും വൈദ്യുതിയും തകരാറിലാണെന്ന് തിരിച്ചറിഞ്ഞുവെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏറെ നേരം വിമാനത്തിലിരുത്തിയ ശേഷം എല്ലാ യാത്രക്കാരോടും വിമാന ജീവനക്കാർ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യാത്രക്കാർ ആവർത്തിച്ച് ചോദിച്ചിട്ടും ജീവനക്കാർ എന്തിനാണ് തങ്ങളെ തിരിച്ചിറക്കിയതെന്ന് വ്യക്തമാക്കിയില്ല. എയർ ഇന്ത്യ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വിമാനത്തിനകത്ത് പത്രവും മാഗസീനുകളും ഉപയോഗിച്ച് യാത്രക്കാർ കാറ്റ് വീശുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

YouTube video player