മുംബൈ: കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി മുംബൈ നഗരം. അടുത്ത ദിവസം മുംബൈയിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നഗരത്തിന്‍റെ താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മഹാരാഷ്ട്ര തീരത്ത് നിന്ന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മാത്രം മുംബൈ വിമാനത്താവളത്തിൽ നിന്ന് ഒമ്പത് വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്. 

റായ്‍ഗഢ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴ പെയ്യും. ഇവിടങ്ങളിലെല്ലാം ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

വിദർഭയിൽ ഇന്ന് മാത്രം ഏതാണ്ട് 40 മില്ലീമീറ്റർ മഴ പെയ്തിട്ടുണ്ട്. മറാത്ത്‍വാഡയിലും, ദക്ഷിണ - മധ്യ മാഹ് മേഖലയിലും നല്ല മഴ ലഭിച്ചു. കൊളാബയിൽ മാത്രം 24 മണിക്കൂറിൽ പെയ്തത് 19.1 മില്ലീമീറ്റർ മഴ. സാന്താക്രൂസ് സ്റ്റേഷനിൽ 44 മില്ലീമീറ്റർ മഴ. 

കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയിൽ സിയോൺ, മാട്ടുംഗ, മാഹിം, അന്ധേരി, മലാഡ്, ദഹിസർ എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.