ഹരിദ്വാര്‍: ഉത്തരേന്ത്യയിൽ തുടരുന്ന പ്രളയക്കെടുതിയിൽ മരണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മഴ പല ഇടങ്ങളിലും തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു.ഇന്നലെ മാത്രം  12 പേരാണ്  മഴക്കെടുതിയിൽ സംസ്ഥാനത്ത്മരിച്ചത്. 

പ്രളയക്കെടുതി നേരിടാൻ അടിയന്തര സഹായം ഉത്തരാഖണ്ഡ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹിമാചലിൽ മഴ റോഡ് ഗതാഗതത്തെ താറുമാറാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ പലയിടങ്ങളിലും കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ   താൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. ഇന്നലെ സിസുവിൽ കുടുങ്ങി പോയ മലയാളികളുടെ സംഘം സുരക്ഷിതരായ മണാലിയിൽ എത്തി. 

570 കോടി രൂപ നഷ്ടമാണ് ഹിമാചൽ പ്രദേശിൽ മാത്രം ഈ മഴക്കെടുതിയിൽ ഉണ്ടായത്. പഞ്ചാബിലും ജാഗ്രത നിർദ്ദേശം തുടരുകയാണ്. അവിടെ 250 ഗ്രാമങ്ങളിൽ വെള്ളംകയറി. പ്രളയം നേരിടാൻ നൂറു കോടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്.