അടുത്ത 5 ദിവസം കൂടി ശക്തമോ അതിശക്തമോ ആയ മഴ തുടരുമെന്ന് മുന്നറിയിപ്പ്, സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും

അഹമ്മദാബാദ്: ഗുജറാത്തിൽ ജനജീവിതം താറുമാറാക്കി ശക്തമായ മഴയും വെള്ളക്കെട്ടും. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്ന് 7 പേർ മരിച്ചു. ജൂൺ ഒന്നിന് ശേഷം മരിച്ചവരുടെ എണ്ണം 63 ആയി. പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് ഒറ്റപ്പെട്ട 468 പേരെ രക്ഷപ്പെടുത്തി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

തലസ്ഥാനമായ അഹമ്മദാബാദിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്. 219 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ശക്തമായ മഴ നഗരത്തിലെ പല റോഡുകളെയും വെള്ളത്തിനടിയിലാക്കി. അണ്ടർപാസുകളിലും റോഡുകളിലും വെള്ളം കയറി. തെക്കൻ ഗുജറാത്തിലെ ദാംഗ്,നവസാരി,തപി,വൽസാദ് ജില്ലകളിലും മധ്യ ഗുജറാത്തിൽ പാഞ്ച്മഹൽ, ഛോട്ടാ ഉദേപൂർ, ഖേഡ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ധ്രുത പ്രതികരണ സേനയുടെയും 18 വീതം പ്ലാറ്റൂണുകളെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി, കേന്ദ്ര സഹായം വാഗ്‍ദാനം ചെയ്തു. 

Scroll to load tweet…

വൽസാദിൽ അംബികാ നദി കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ട 16 പേരെ തീരസംരക്ഷണ സേന എയർലിഫ്റ്റ് ചെയ്തു. ചന്ദോദ്- ഏക‍്‍താ നഗർ സ്റ്റേഷനുകൾക്കിടയിലെ പാളം ഒഴഉകിപ്പോയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, ശക്തമോ അതിശക്തമോ ആയ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.