Asianet News MalayalamAsianet News Malayalam

ഉത്തരേന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴ, പ്രളയം: ജനജീവിതം ദുരിതക്കയത്തിൽ

ദില്ലിയില്‍ യമുനാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കുകയാണ്. 

Floods in north India; heavy rain in five states, high alert
Author
Delhi, First Published Aug 20, 2019, 12:45 PM IST

ദില്ലി: ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതക്കുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ നാശം വിതക്കുന്നത്. പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന്  58 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധിപ്പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. 

ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളുണ്ടായി. ഇവിടങ്ങളില്‍ നിരവധി സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ദില്ലിയില്‍ യമുനാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കുകയാണ്. ദില്ലിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രാവാള്‍ കാബിനറ്റ് മീറ്റിംഗ് വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. യുമനയുടെ തീരത്തും താഴ്നന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും മാറിത്താമസിക്കുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തുവിട്ടതിനെത്തുടര്‍ന്നാണ് യമുനയില്‍ വെള്ളമുയര്‍ന്നത്. 

ഉത്തരാഖണ്ഡില്‍ മൂന്നുദിവസമായി പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്. ഉത്തര്‍പ്രദേശ്., മധ്യപ്രദേശ്, ഛത്തിസ്ഘണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്യുന്നു. സനല്‍കുമാര്‍ ശശീധരന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ഹിമാചല്‍ പ്രദേശില്‍ എത്തിയ നടി മഞ്ജുവാര്യരും സംഘവും പ്രളയത്തെ തുടര്‍ന്ന് കുടുങ്ങി. കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. 

Follow Us:
Download App:
  • android
  • ios