ഭുവനേശ്വർ‌: പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജന ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി പുതിയ പദ്ധതി ആവിഷ്കരിച്ച് ഒഡീഷയിലെ  ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ. മീൽ ഫോർ പ്ലാസ്റ്റിക് എന്നാണ് ഈ സംരംഭത്തിന് അധികൃതർ  പേര് നൽകിയിരിക്കുന്നത്. പേര് പോലെ തന്നെ അരക്കിലോ പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ ഒരു നേരത്തെ ഭക്ഷണം തിരികെ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ ആഹാർ പദ്ധതിയ്ക്ക് കീഴിൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോ​ഗ്രാമിനോട് സഹകരിച്ചാണ് ഈ പദ്ധതി നടപ്പിൽ വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആഹാർ കേന്ദ്രങ്ങളിൽ‌ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

''പ്ലാസ്റ്റിക് മാലിന്യ സംഭരണത്തോടൊപ്പം തന്നെ ഭക്ഷ്യസുരക്ഷയും ഈ പദ്ധതി വഴി ലക്ഷ്യമാക്കുന്നുണ്ട്. പ്ലാസ്റ്റിക് ശേഖരിക്കുന്ന ആളുകൾക്കൊപ്പം തന്നെ പ്ലാസ്റ്റിക് വലിച്ചെറിയുന്നവരുമുണ്ട്. ഇത്തരം പ്ലാസ്റ്റിക്കുകൾ വളരെ ​ഗുരുതരമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. അതിനാൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് എന്തെങ്കിലും കാരണമോ ലക്ഷ്യമോ ഉണ്ടായിരിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് അരക്കിലോ പ്ലാസ്റ്റിക് നൽകിയാൽ ആഹാരം കൊടുക്കാമെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 11 ആഹാർ കേന്ദ്രങ്ങളിൽ എവിടെ പ്ലാസ്റ്റിക് നൽകിയാലും അവര്‍ ആഹാരം നൽകും.'' ഭുവനേശ്വർ മുനിസിപ്പൽ കമ്മീഷണർ പ്രേം ചന്ദ്ര ചൗധരി ദേശീയ മാധ്യമമായ എഎൻഐയോട് വ്യക്തമാക്കി.

''പ്ലാസ്റ്റിക് ശേഖരിച്ചാൽ ഭക്ഷണം ലഭിക്കുമെന്ന ബോധ്യം ജനങ്ങളിൽ സൃഷ്ടിക്കുകയാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നത്. അങ്ങനെയാകുമ്പോശൾ പ്ലാസ്റ്റിക് വലിച്ചെറിയുന്ന മനോഭാവത്തിന് മാറ്റം വരും. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ശേഖരിക്കാനും ജനങ്ങൾ തയ്യാറാകും.'' പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന പദ്ധതി മേധാവിയായ തരാന ഷെയ്ദ് വ്യക്തമാക്കി.