തന്‍റെ ഓര്‍മ്മക്കുറിപ്പായ 'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്...

മുംബൈ: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ലഷ്കര്‍ ഇ ത്വയ്ബ ഭീകരവാദി അജ്മല്‍ കസബിനെക്കൊണ്ട് നിര്‍ബന്ധിച്ച് പലതവണ 'ഭാരത് മാതാ കി ജയ്' എന്ന് വിളിപ്പിച്ചിരുന്നുവെന്ന് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയ. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ ഓര്‍മ്മക്കുറിപ്പായ 'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഐപിഎസ് ഓഫീസറായിരിക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായ മുംബൈ ആക്രമണം അന്വേഷിച്ചത് രാകേഷ് മരിയയായിരുന്നു. 

എങ്ങനെയാണ് അജ്മല്‍ കസബിനെ പിടികൂടിയത് മുതല്‍ മുംബൈ ഭീകരാക്രമണത്തിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട് തന്‍റെ പുസ്തകത്തിലൂടെ അദ്ദേഹം. തന്‍റെ പ്രവര്‍ത്തിയില്‍ അജ്മല്‍ കസബ് ഒരിക്കലും ഖേദിച്ചിരുന്നില്ല. മറ്റ് ഭീകരവാദികള്‍ കൊല്ലപ്പെടുകയും അജ്മല്‍ കസബ് മാത്രം പിടിയിലാകുകയുമായിരുന്നു. പിടിയിലായതിന് ശേഷം കസബിനെക്കൊണ്ട് എങ്ങനെയാണ് ഭാരത് മാതാ കി ജയ് എന്ന് വിളിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. 

"26/11 മുംബൈ ഭീകരാക്രമണത്തിൽ പൊലീസ് ജീവനോടെ പിടികൂടിയ അജ്മൽ കസബ് ഇന്ത്യയിലേക്ക് വന്നത് ബെംഗളൂരു സ്വദേശി സമീർ ദിനേശ് ചൗധരി എന്ന പേരിലുള്ള ഒരു വ്യാജ തിരിച്ചറിയൽ കാർഡും പേഴ്സിൽ വെച്ചിട്ടായിരുന്നു. ആരും സംശയിക്കാതിരിക്കാൻ അയാളുടെ കണങ്കൈയിൽ ഒരു ചുവന്ന ചരട് കെട്ടിയിട്ടുണ്ടായിരുന്നു. അക്രമണത്തിനൊടുവിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചുകിടക്കുമ്പോൾ അയാൾ ഒരു ഹിന്ദു തീവ്രവാദിയാണ് എന്ന് തോന്നിക്കാൻ വേണ്ടിയായിരുന്നു ലഷ്കർ-എ-ത്വയ്യിബയുടെ തന്ത്രപരമായ ഈ പ്ലാനിങ്. എന്നാൽ, അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അവനെ ജീവനോടെ പിടികൂടാനും, അവൻ പാകിസ്താനിലെ ഫരീദ്കോട്ട് സ്വദേശി അജ്മൽ അമീർ കസബ് ആണെന്ന് കണ്ടെത്താനും ഞങ്ങൾക്കായി. " രാകേഷ് മരിയ പുസ്തകത്തില്‍ പറയുന്നു. 

Read Also: 'ഇവിടെ നിസ്കാരത്തിന് വിലക്കുണ്ടെന്നാണവർ കസബിനെ വിശ്വസിപ്പിച്ചിരുന്നത്', മുൻ പൊലീസ് കമ്മീഷണർ രാകേഷ് മരിയ

ഹോം ഗാർഡ്സിന്റെ ഡയറക്ടർ ജനറൽ ആയി വിരമിച്ച രാകേഷ് മരിയ ഐപിഎസ് മുമ്പ് മുംബൈ സിറ്റി ട്രാഫിക് പോലീസിൽ ഡെപ്യൂട്ടി കമ്മീഷണർ ആയിരിക്കെയാണ് 1993 -ൽ മുംബൈ ബോംബ് സ്‌ഫോടനങ്ങൾ നടന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന കൃത്യമായ അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്. 2003 -ൽ ഗേറ്റ് വേ ഓഫ് ഇന്ത്യയിലും സാവേരി ബസാറിലും ഉണ്ടായ ഇരട്ട സ്ഫോടനങ്ങളും അന്വേഷിച്ച് അശ്റത് അൻസാരി, ഹനീഫ് സയ്യിദ്, ഫഹ്മിദ എന്നീ പ്രതികൾക്ക് തൂക്കുകയർ വാങ്ങിക്കൊടുത്തതും രാകേഷ് മരിയ തന്നെയാണ്. 

ഏറ്റവും ഒടുവിൽ 2008 -ൽ മുംബൈയിൽ 26/11 എന്നപേരിൽ പിന്നീട് അറിയപ്പെട്ട മുംബൈ ഭീകരാക്രമണം നടന്നപ്പോഴും അന്വേഷണച്ചുമതല അദ്ദേഹത്തിനായിരുന്നു. അന്ന് ജീവനോടെ പിടികൂടപ്പെട്ട അജ്മൽ കസബ് പിന്നീട് 2012 -ൽ തൂക്കിലേറ്റപ്പെടുകയായിരുന്നു. 2015 -ൽ ഇന്ദ്രാണി മുഖർജിയെ ഉൾപ്പെട്ട ഷീന ബോറാ വധക്കേസ് ഏതാണ്ട് തെളിയിക്കും എന്ന സ്ഥിതിയിലായപ്പോഴാണ് അദ്ദേഹത്തെ പ്രൊമോഷൻ നൽകി അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി ഹോംഗാർഡ്സിന്റെ തലപ്പത്തേക്ക് നിയോഗിച്ചത്.