പുതിയ സ്ഥിതിഗതികള്‍ അടിസ്ഥാനമാക്കി, ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് 2021 ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. 

ദില്ലി: ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് (Foreigners) ആഭ്യന്തരമന്ത്രാലയം ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ (touris visa) നല്‍കിത്തുടങ്ങും. കൊവിഡ്-19 (covid 19) മഹാമാരിയെ തുടര്‍ന്ന് വിദേശ പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാത്തരം വിസകളും കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. കൂടാതെ കൊവിഡ് വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര യാത്രകള്‍ക്കുമേല്‍ മറ്റ് നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന്, ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി ടൂറിസ്റ്റ് വിസ ഒഴിച്ചുള്ള മറ്റ് എല്ലാത്തരം വിസകളും ഉപയോഗിക്കാന്‍ വിദേശ പൗരന്മാര്‍ക്ക് അനുമതി നല്‍കിയിരുന്നു.

എന്നാല്‍ പുതിയ സ്ഥിതിഗതികള്‍ അടിസ്ഥാനമാക്കി, ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് 2021 ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ചാര്‍ട്ടര്‍ഡ് വിമാനങ്ങളില്‍ അല്ലാതെ രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് 2021 നവംബര്‍ 15 മുതല്‍ ഈ സൗകര്യം ലഭ്യമാകുന്നതാണ്. 

രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍, അവരുമായി എത്തുന്ന വിമാനങ്ങള്‍, ലാന്‍ഡിംഗ്‌കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ കൊവിഡ്-19മായി ബന്ധപ്പെട്ട് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണം.