ലഖ്‌നൗ: ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഡോ അമ്മർ റിസ്‌വി ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ മുൻ ആക്ടിംഗ് മുഖ്യമന്ത്രിയായിരുന്ന റിസ്‌വി സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രമുഖനായ നേതാവാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു റിസ്‌വിയുടെ പ്രതീക്ഷ. എന്നാൽ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന് നിൽക്കുകയായിരുന്നു ഇദ്ദേഹം.

ഉത്തർപ്രദേശിൽ പഴയ സ്വാധീനം തിരിച്ച് പിടിക്കാൻ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ തീവ്രപരിശ്രമമാണ് പാർട്ടി നടത്തുന്നത്. ഇതിനിടെയാണ് പ്രമുഖ നേതാവ് പാർട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയത്. ഇത് സംസ്ഥാനത്തെ കോൺഗ്രസിന് വൻ തിരിച്ചടിയാണ്.

ലഖ്‌നൗവിൽ നിന്നുള്ള നേതാവായ റിസ്‌വിക്ക് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗാണ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്.  "ഞാനൊരു അദ്ധ്യാപകനായിരുന്നു. ബിജെപി ആസ്ഥാനം എനിക്ക് ഒരു സർവ്വകലാശാലയാണ്. എന്റെ അംഗത്വം എനിക്ക് കിന്റർഗാർഡൻ പ്രവേശനം പോലെയാണ് തോന്നുന്നത്," എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.