ദില്ലി: ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ (92) അന്തരിച്ചു. അഹമ്മദാബാദിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ സെപ്ടംബറിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജനസംഘ് സ്ഥാപകനേതാക്കളിലൊരാളായ അദ്ദേഹം ഗുജറാത്ത് ബിജെപിയുടെ പ്രമുഖമുഖമായിരുന്നു. ആർഎസ്എസ് പ്രചാരക് ആയിരുന്ന അദ്ദേഹം ജനസംഘിലൂടെയാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തിയത്. 

ഗുജറാത്ത് നിയമസഭയിലേക്ക് ആറ് തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1995 ലാണ് അദ്ദേഹം ആദ്യ തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 1998 മുതൽ 2001 വരെ മുഖ്യമന്ത്രിയായി തുടർന്ന അദ്ദേഹം പിന്നീട് 2012 ൽ ബിജെപി വിട്ട്  ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു. 2012 ലെ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. 2014 ൽ അദ്ദേഹത്തിന്റെ പാർട്ടി ബിജെപിയിൽ ലയിച്ചു.