ടാറ്റയുടെ ജീവിതത്തിലെ ഇനിയും പുറത്തുവരാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ 90 ശതമാനവുമെന്നും തോമസ് മാത്യു പറഞ്ഞു

ദില്ലി: രത്തന്‍ ടാറ്റയുടെ (Ratan Tata biography) ജീവചരിത്രം എഴുതാന്‍ കഴിയുന്നതില്‍ സന്തോഷമെന്ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ തോമസ് മാത്യു (Thomas Mathew). വലിയ ഉദ്യമമാണ് ഏറ്റെടുത്തിരിക്കുന്നത്. ജീവചരിത്രം പുറത്തിറക്കാൻ ടാറ്റ പൂർണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. രത്തന്‍ ടാറ്റയെ അറിയുന്ന നിരവധി പേരെ നേരില്‍ കണ്ട് സംസാരിച്ചു. ടാറ്റയുടെ ജീവിതത്തിലെ ഇനിയും പുറത്തുവരാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ 90 ശതമാനവുമെന്നും തോമസ് മാത്യു പറഞ്ഞു.

ഉദാരവത്ക്കരണത്തിന് ശേഷം സർക്കാരുകളുമായുണ്ടായ ഉരസലും കൈക്കൂലി ചോദിച്ചവരോട് തരില്ലെന്ന് തറപ്പിച്ച് പറഞ്ഞതുമൊക്കെ പുസ്തകത്തിലുണ്ടെന്നാണ് സൂചന. നീര റാഡിയ ടേപ്പുകൾ പുറത്തു വന്ന ശേഷമുള്ള വിവാദത്തിന്‍റെ അറിയാക്കഥകളും ഉണ്ട്. ടാറ്റയുടെ നാനോ പ്രോജക്റ്റ്, ടാറ്റ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍ തുടങ്ങിയ സമീപകാല സംഭവങ്ങളെ കുറിച്ച് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിശദാംശങ്ങളും ഇതിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയെ നീക്കിയതടക്കമുള്ള വിവാദങ്ങളുടെ അണിയറക്കഥകളും പുസ്തകത്തിലുണ്ടാവും.

ഉദാരവത്ക്കരണത്തിന് ശേഷമുള്ള കാലത്ത് ഇന്ത്യയലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിനെ നയിച്ച രത്തൻ ടാറ്റയുടെ ആദ്യ അംഗീകൃത ജീവചരിത്രമാണ് പുറത്തിറങ്ങാൻ പോകുന്നത്. കേരള കേഡർ ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ മുൻ അഡീഷണൽ സെക്രട്ടറിയുമായ തോമസ് മാത്യു എഴുതുന്ന ജീവചരിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ഹാർപ്പർകോളിൻസ് രണ്ട് കോടിയിലധികം രൂപ നല്‍കിയാണ് പ്രസിദ്ധീകരണ അവകാശം നേടിയത്. അന്താരാഷ്ട്ര രംഗത്തെ അഞ്ച് പ്രധാന സ്ഥാപനങ്ങൾ ലേലത്തിൽ പങ്കെടുത്തു. കഥേതര വിഭാഗത്തിൽ ഇത്രയും ഉയർന്ന തുക ഇന്ത്യയിൽ നല്‍കുന്നത് ആദ്യമായാണെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. സിനിമ, ഒടിടി അവകാശങ്ങളൊക്കെ ലേഖകന് തന്നെയായിരിക്കും.

മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോമസ് മാത്യു ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസറ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേലഖകളിലും ശ്രദ്ധേയനാണ് തോമസ് മാത്യു. നാല് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭ്യമായിരുന്നു. ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ഒരു ആധികാരിക ജീവചരിത്രമാണ് അദ്ദേഹം തയ്യാറാക്കുന്നത്.