ശ്രീനഗർ: ജമ്മുകശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷാ നിയമപ്രകാരം മൂന്നാം തവണയാണ് മെഹബൂബയുടെ തടങ്കല്‍ നീട്ടുന്നത്. 

കശ്മീര്‍ പുന: സംഘടനയ്ക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് മറ്റു നേതാക്കള്‍ക്കൊപ്പം പിഡിപി നേതാവ് മെഹബൂബയെയും വീട്ടുതടങ്കലിലാക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയിരുന്നു. 

പീപ്പിള്‍ കോണ്‍ഫ്രന്‍സ് നേതാവ് സജ്ജാദ് ലോണിനെ  ഇന്ന് തടങ്കലില്‍ നിന്ന് വിട്ടയച്ചു.  കഴിഞ്ഞ മാര്‍ച്ചില്‍  നാഷണല്‍ കോണ്‍ഫ്രന്‍സ്  നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായിരുന്ന ഫാറൂഖ് അബ്ദുള്ളയെയും മകന്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുകയും ചെയ്തിരുന്നു.