ദില്ലി: മുന്‍ എംപിമാരോട് ഔദ്യോഗിക വസതികള്‍ ഒഴിയാന്‍ അന്ത്യശാസനം നല്‍കി ലോസക്സഭ ഹൗസിംഗ് കമ്മിറ്റി. ഒരാഴ്ചക്കുള്ളില്‍ വസതികള്‍ ഒഴിയണമെന്ന് ലോക്സഭ ഹൗസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിആര്‍ പാട്ടീല്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് ദിവസത്തിനുള്ളില്‍ വൈദ്യുതി, വെള്ളം എന്നിവയുടെ ബന്ധം വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഏകദേശം 200ഓളം മുന്‍ എംപിമാര്‍ ഇപ്പോഴും ഔദ്യോഗിക വസതികളില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. എല്ലാവര്‍ക്കും വസതികള്‍ ഒഴിയാനുള്ള നിര്‍ദേശം നല്‍കിയെന്ന് പാട്ടീല്‍ വ്യക്തമാക്കി. 2014ല്‍ താമസം തുടങ്ങിയ മുന്‍ എംപിമാരാണ് ഇപ്പോഴും ഔദ്യോഗിക വസതി കൈയടക്കിവെച്ചിരിക്കുന്നത്. പുതിയ എംപിമാര്‍ക്ക് നല്‍കാന്‍ വസതികളില്ലാത്തതിനാല്‍ പലര്‍ക്കും താല്‍ക്കാലിക വസതികളാണ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മേയ് 16നാണ് 16ാം ലോക്സഭ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് പിരിച്ചുവിട്ടത്.