ദില്ലി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ നെഞ്ചുവേദനയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. രാത്രി 8.45 ഓടെയാണ് മുന്‍ പ്രധാനമന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. മന്‍മോഹന്‍ സിംഗ് ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്. കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്‍റെ മേല്‍നോട്ടത്തിലാണ് ചികില്‍സ. എന്നാല്‍, മന്‍മോഹന്‍ സിംഗിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മന്‍മോഹന്‍ സിംഗ് 2004 മുതല്‍ 2014വരെ പ്രധാനമന്ത്രിയായിരുന്നു. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും പ്രസിദ്ധിയാര്‍ജിച്ച മന്‍മോഹന്‍ സിംഗ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്, ഐഎംഎഫ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. പി വി നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. 1991ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്‌കര്‍ത്താവായാണ് ഇദേഹം അറിയപ്പെടുന്നത്.