രാജസ്ഥാനിൽ ബിജെപിക്ക് വിമത ഭീഷണി ശക്തം; നാല് എംഎല്‍എമാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ചേക്കും
വസുന്ധര രാജ സിന്ധ്യയുടെ അനുയായികളാണ് വിമത ഭീഷണിയുമായി നിൽക്കുന്നവർ. ഉപരാഷ്ട്രപതി ഭൈരോൺ സിംഗ് ഷെഖാവത്തിന്റെ മരുമകനും ഈ സംഘത്തിൽ ഉണ്ട്.

ജയ്പൂര്‍: ബിജെപിക്ക് രാജസ്ഥാനിൽ വിമത ഭീഷണി ശക്തമാകുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട നാല് എംഎൽഎമാർ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വസുന്ധര രാജ സിന്ധ്യയുടെ അനുയായികളാണ് വിമത ഭീഷണിയുമായി നിൽക്കുന്നവർ. ഉപരാഷ്ട്രപതി ഭൈരോൺ സിംഗ് ഷെഖാവത്തിന്റെ മരുമകനും ഈ സംഘത്തിൽ ഉണ്ട്. ബിജെപി ഓഫീസ് ഉപരോധം അടക്കമുള്ള പ്രതിഷേധവുമായി ഇവരുടെ അനുയായികളും രംഗത്തിറങ്ങുകയാണ്.
കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന രാജസ്ഥാനില്‍ ഇത്തവണത്തെ പോരാട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകം. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തിയ പാളയത്തിലെ പട തിരിച്ചടിക്കുമോയെന്ന ആശങ്കയിലാണ് അശോക് ഗലോട്ട് സര്‍ക്കാര്‍. മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന പതിവില്‍ കണ്ണുവയക്കുന്ന ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്.
അതേസമയം ഇക്കുറി ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം രാജസ്ഥാനില്‍ ഉന്നമിട്ടത് വസുന്ധ രാജെ സിന്ധ്യയെ തന്നെയായിരുന്നു. കേന്ദ്രത്തിൽ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അർജ്ജുൻ റാം മേഘ്വാൾ തുടങ്ങിയവരെയൊക്കെ മത്സരരംഗത്തിറക്കി വസുന്ധര മാത്രമല്ല നേതാവ് എന്ന സന്ദേശം ഇതിനോടകം പാര്‍ട്ടി നല്‍കി കഴിഞ്ഞു. മധ്യപ്രദേശ് മോഡല്‍ അട്ടിമറിക്ക് രാജസ്ഥാനില്‍ കളമൊരുക്കിയ ബിജെപിയുടെ പദ്ധതി പൊളിച്ചതിലെ കടുത്ത അതൃപ്തി പാര്‍ട്ടിക്ക് വസുന്ധരയോടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ജനകീയയായ വസുന്ധരയെ പൂര്‍ണ്ണമായി ഒഴിച്ച് നിര്‍ത്തിയുള്ള നീക്കത്തിന് പാര്‍ട്ടിക്ക് അത്ര ഇപ്പോഴും അത്ര ധൈര്യം പോര. താന്‍ തന്നെ നേതാവെന്ന നിലപാടിലാണ് വസുന്ധര.
അതേസമയം രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി ആരേയും ഉയർത്തിക്കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. താൻ അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന് പറയാനാവില്ല. അശോക് ഗലോട്ടിനോട് ഭിന്നതയുമില്ല. താൻ ഉയർത്തിയത് ജനകീയ വിഷയങ്ങളാണ്. തെരഞ്ഞെടുത്ത ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണമെന്നാണ് ഗലോട്ടിനോട് പറഞ്ഞത്. ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരമായെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...