ദില്ലി: കേരള എക്സ്പ്രസ് ട്രെയിനിൽ നാലുപേര്‍ മരിച്ചത് അസഹ്യമായ ചൂടിനെ തുടര്‍ന്നാണെന്ന് സംഘാംഗം. ചൂട് സഹിക്കാനാവാതെയുള്ള അസ്വസ്ഥകളാണ് കൂടെയുള്ളവരുടെ മരണത്തിന് കാരണമായതെന്ന് സംഘാംഗവും കോഴിക്കോട് സ്വദേശിയുമായ രുക്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആഗ്രയിൽ നിന്ന് യാത്ര തുടങ്ങിയ ഒന്നര മണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. 

പ്രായമായവർക്ക് വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് റെയിൽവേയെ വിവരം അറിയിക്കുകയായിരുന്നു. ഝാൻസിയിൽ എത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി യാത്രകൾ സംഘം നടത്തുന്നുണ്ടെന്നും രുക്മിണി പറഞ്ഞു. അതേസമയം മരിച്ച നാല് യാത്രക്കാരുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഊട്ടി സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം വിമാനമാർഗ്ഗം കോയമ്പത്തൂരിലാണ് എത്തിക്കുക.

മറ്റു രണ്ട് പേരുടെ മൃതദേഹങ്ങൾ റോഡ് മാർഗ്ഗം തമിഴ്നാട്ടിൽ എത്തിക്കുമെന്നാണ് വിവരം. ബുന്ദൂർ പളനിസാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ്യ, എന്നിവരാണ് മരിച്ചത്.എല്ലാവരും 70 വയസ്സിനു മുകളിൽ പ്രായമായുള്ളവരാണ്. നിർജലീകരണം മൂലം ഉണ്ടായ ശാരീരിക പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം. തമിഴ്നാട്ടിൽ നിന്നും ആഗ്ര, വാരാണസി എന്നിവിടങ്ങളിലേക്ക് യാത്ര പോയ സംഘത്തിൽപെട്ടവരാണ് മരിച്ചത്.