Asianet News MalayalamAsianet News Malayalam

തോരാതെ കണ്ണീർ; ഒഡിഷയില്‍ ട്രെയിനിന് അടിയിൽപ്പെട്ട് നാല് തൊഴിലാളികള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

രാജ്യത്തെയാകെ നടുക്കിയ ബാലസോര്‍ ട്രെയിൻ ദുരന്തത്തിന്‍റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചത്

four labourers crushed to death by goods train in Odisha btb
Author
First Published Jun 7, 2023, 7:45 PM IST

ബാലസോര്‍: ഒഡീഷയിൽ ട്രെയിനിന് അടിയിൽപ്പെട്ട് നാല് പേർ മരിച്ചു. ജജ്പൂർ റോഡ് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഗുഡ്സ് ട്രെയിനിന് അടിയിൽ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെയാകെ നടുക്കിയ ബാലസോര്‍ ട്രെയിൻ ദുരന്തത്തിന്‍റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകും മുമ്പാണ് വീണ്ടും അപകടം സംഭവിച്ചത്. ബാലസോര്‍ ട്രെയിൻ അപകടത്തില്‍ 288 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഇതിനിടെ ജാർഖണ്ഡിലെ ബൊക്കാറോയിൽ ചൊവ്വാഴ്ച ദില്ലി - ഭുവനേശ്വർ രാജധാനി എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വാര്‍ത്തയും പുറത്ത് വന്നിരുന്നു. സന്താൽഡിഹ് റെയിൽവേ ക്രോസിനു സമീപം റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ച് കുടുങ്ങിയതിനെ തുടർന്നാണ് അപകട സാധ്യതയുണ്ടായത്. എന്നാൽ, ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

ഭോജുദിഹ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സന്താൽദിഹ് റെയിൽവേ ക്രോസിംഗിലാണ് സംഭവം. റെയിൽവേ ട്രാക്കിനും ഗേറ്റിനുമിടയിൽ ട്രാക്ടർ കുടുങ്ങുകയായിരുന്നു. ​ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് എത്തിയ ട്രാക്ടർ ട്രാക്കിൽ കുടുങ്ങി. ഈ സമയമാണ് രാജധാനി എക്സ്പ്രസ് എത്തിയത്. ലോക്കോ പൈലറ്റ് ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായെന്ന് റെയിൽവേ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നതെന്നും ട്രെയിൻ 45 മിനിറ്റോളം വൈകിയെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ട്രാക്ടർ പിടിച്ചെടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഗേറ്റ് മാനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. ട്രാക്ടർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. 

ഒഡിഷ അപകടത്തിൽ ഭര്‍ത്താവ് മരിച്ചു, മൃതദേഹം തിരിച്ചറിഞ്ഞു; കൊടും ചതി, 'മരിച്ച' ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios