അജ്ഞാതരായ യുവാക്കൾ ചേർന്നാണ് കല്ല് പണിക്കാരായ നാല് തൊഴിലാളികളെ ചെരുപ്പ് കൊണ്ട് ക്രൂരമായി മർദ്ദിച്ചത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
ബറേലി: ആരാധനാലയത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളികൾക്ക് ചെരുപ്പ് കൊണ്ട് ക്രൂരമർദ്ദനം. അജ്ഞാതരായ യുവാക്കൾ ചേർന്നാണ് കല്ല് പണിക്കാരായ നാല് തൊഴിലാളികളെ ചെരുപ്പ് കൊണ്ട് ക്രൂരമായി മർദ്ദിച്ചത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
വീട് പണിയെടുക്കുന്നതിനായി ബഹേരിയിലെത്തിയ യുവാക്കൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി മരച്ചുവട്ടിലെ പ്രതിഷ്ഠാസ്ഥാനത്തിന് സമീപത്തായിരുന്നു ഇരുന്നത്. ഇത് കാണാനിടയായ അക്രമി സംഘം യുവാക്കളെ ചോദ്യം ചെയ്യുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ തങ്ങൾ മാംസാഹാരം കഴിച്ചിട്ടില്ലെന്നും സസ്യാഹാരം കഴിക്കുന്നതിനിടെയാണ് കുറച്ച് യുവാക്കൾ സ്ഥലത്തെത്തി തങ്ങളെ മർദ്ദിച്ചതെന്നും തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. അതേസമയം തൊഴിലാളികളിൽ രണ്ട് പേർ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവരാണ്. ചിലപ്പോൾ അതായിരിക്കാം ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‍പി ജി മുനിരാജ് പറഞ്ഞു. വീഡിയോയിലുള്ള ആദേശ് വാത്മികി, മനേഷ് തുടങ്ങി ആറ് പേർക്കെതിരെയാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
