മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നതിനിടെ നവി മുംബൈയിലെ വെള്ളച്ചാട്ടത്തിലെത്തിയ നാല് കോളേജ് വിദ്യാർഥിനികളെ കാണാതായി. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ റോഡ്  റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. താനെയിലും പാൽഘറിലും വീടുകളിൽ വെള്ളംകയറി. ഇന്നലെ രാത്രി മുതൽ തുടരുന്ന മഴയിൽ റായിഗഡ് ,മലാട് എന്നിവടങ്ങളിൽ വീടുകളുടെ ഒന്നാം നിലവരെ വെള്ളം പൊങ്ങി.

നവി മുംബൈയിലെ ഖാർഘർ വെള്ളച്ചാട്ടത്തിൽ വിനോദയാത്രയ്ക്കെത്തിയ നാലുവിദ്യാർഥിനികളെയാണ് കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ജോഗേശ്വരിയിൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലെ വെള്ളക്കെട്ട് ഗതാഗതക്കുരുക്കുണ്ടാക്കി. താനെ,പാൽഗർ എന്നിവടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

സയൺ,കുർള,അന്ധേരി എന്നിവടങ്ങളിൽ ട്രാക്കിൽ വെള്ളം നിറഞ്ഞു. സെൻട്രൽ,ഹാർബ‍ർ ലൈനുകളിൽ ഭാഗിഗമായി ലോക്കൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. തിലക് നഗറിനും ചെമ്പൂരിനും ഇടയിൽ റയിൽവേ മേൽപ്പാലം അടർന്നുവീണെങ്കിലും ആളപായം ഉണ്ടായില്ല. റൺവേയിലെ കാഴ്ച്ചാപരിധി കുറഞ്ഞെങ്കിലും മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെ മഴ ഇതുവരെ ബാധിച്ചിട്ടില്ല.അടുത്ത 24 മണിക്കൂർ കൊങ്കൺ, നവിമുംബൈ, പാൽഗർ എന്നിവടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.