മൂന്ന് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. ആയുധങ്ങൾ, ഗ്രനൈഡുകൾ,വലിയ അളവിൽ വെടിക്കൊപ്പുകൾ എന്നിവ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദില്ലി: ജമ്മു കശ്മീരിൽ നടപടികൾ കടുപ്പിച്ച് കേന്ദ്രം. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 24 മണിക്കൂറിനിടെ നാല് ഭീകരരെ വധിച്ചു. ഇവരിൽ മൂന്ന് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. ആയുധങ്ങൾ, ഗ്രനൈഡുകൾ,വലിയ അളവിൽ വെടിക്കൊപ്പുകൾ എന്നിവ പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ മുജാഹിദീന്‍ പ്രവർത്തകനും കുല്‍ഗാം സ്വദേശിയുമായ നദീം അഹമ്മദ് റാതറിനെയാണ് സൈന്യം വധിച്ചത്. ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സോപോരില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനിയായ ലഷ്കർ ഇ ത്വയ്ബ ഭീകരന്‍ ഹന്‍സല്ലയെയാണ് വധിച്ചത്. കുപ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ തുഫൈലിനെയും മറ്റൊരാളെയുമാണ് വധിച്ചത്.
ജമ്മു കാശ്മീരില്‍ ടിഫിന്‍ബോക്സിലാക്കിയ സ്ഫോടകവസ്തുക്കൾ ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടത്താനുള്ള ശ്രമവും ബിഎസ്എഫ് തകർത്തു. കുട്ടികളുടെ മൂന്ന് ടിഫിന്‍ ബോക്സിലാക്കി ടൈംബോംബുകളാണ് കടത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്തെ കനാചക് മേഖലയിലാണ് രണ്ടു തവണയായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.
ദായരന്‍ മേഖലയില്‍ ഡ്രോണിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ ബിഎസ്എഫ് വെടിവെച്ചിട്ടു. പക്ഷേ ഡ്രോൺ തകർക്കാനായില്ല. പരിശോധനയില്‍ ടിഫിന്‍ ബോക്സുകളിലാക്കിയ സ്ഫോടകവസ്തുക്കളിൽ വിവിധ സമയങ്ങളിലായി സ്ഫോടനം നടത്താനുള്ള ടൈമറുകളും ഘടിപ്പിച്ചിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇവയെല്ലാം നശിപ്പിച്ചെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; ലഷ്‍കർ ഭീകരൻ ഉൾപ്പെടെ രണ്ടുപേരെ സൈന്യം വധിച്ചു
