മറ്റ് പ്രതിപക്ഷ പാർട്ടികളേക്കാൾ മുന്‍പ് കശ്മീർ വിഷയം സജീവമായി ഏറ്റെടുത്ത് കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിക്കുകയാണ് ആംആദ്മി പാർട്ടി, കേന്ദ്ര ഏജന്‍സികളെകാട്ടി വിരട്ടേണ്ടെന്ന സന്ദേശവും കെജ്രിവാൾ ബിജെപിക്ക് ഇതിലൂടെ നല്‍കുന്നു
ദില്ലി: ജമ്മുകാശ്മീരിലെ ഭീകരാക്രമണങ്ങളില്‍ കേന്ദ്ര സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. കശ്മീരിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് നിർത്തി പ്രശ്നങ്ങൾ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വെല്ലുവിളിച്ചു. കശ്മീര്‍ പുനസംഘടനയെന്ന കേന്ദ്ര തീരുമാനം തെറ്റായി പോയെന്ന് കോണ്‍ഗ്രസും ശിവസേനയും വിമര്‍ശിച്ചു.
കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകം രാജ്യം സഹിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തി ദില്ലി ജന്തർമന്തറില്‍ ആംആദ്മി പാർട്ടി സംഘടിപ്പിച്ച ജന്‍ ആക്രോശ റാലിയിലാണ് കെജ്രിവാൾ കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്. കശ്മീർ വിഷയത്തെ കൈകാര്യം ചെയ്യാന്‍ ബിജെപിക്കാവില്ല, കശ്മീരി പണ്ഡിറ്റുകൾ നാട് വിടുകയാണെന്നും ,ഇത് തൊണ്ണൂറുകളുടെ ആവർത്തനമാണെന്നും കെജ്രിവാൾ പറഞ്ഞു. മറ്റ് പ്രതിപക്ഷ പാർട്ടികളേക്കാൾ മുന്‍പ് കശ്മീർ വിഷയം സജീവമായി ഏറ്റെടുത്ത് കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിക്കുകയാണ് ആംആദ്മി പാർട്ടി, കേന്ദ്ര ഏജന്‍സികളെകാട്ടി വിരട്ടേണ്ടെന്ന സന്ദേശവും കെജ്രിവാൾ ബിജെപിക്ക് ഇതിലൂടെ നല്‍കുന്നു
അതിനിടെ കശ്മീരി പണ്ഡിറ്റുകളെ താഴ്വരയില്‍നിന്നും മാറ്റി പാർപ്പിക്കുന്നതില്‍ തീരുമാനമായില്ല, ഇത് ഭീകരർക്ക് വഴങ്ങുകയാണെന്ന സന്ദേശം നല്‍കുമെന്നാണ് ജമ്മുകശ്മീർ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. പത്ത് ലക്ഷത്തോളം വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം എത്തിയെന്ന കണക്ക് അവകാശപ്പെടുന്ന ഭരണ കൂടം ആക്രമണം തുടരുന്നുവെന്നത് ഊതിപ്പെരുപ്പിച്ച ആരോപണമെന്നാണ് ന്യായീകരിക്കുന്നത്.
