മലേഷ്യ, തായ‍്‍ലന്റ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. വിശ്വാസം ജനിപ്പിക്കാൻ വ്യാജ ഓഫർ ലെറ്ററും വീസയും വിമാന ടിക്കറ്റും നൽകിയിരുന്നു. 

ചെന്നൈ: ചെന്നൈ കേന്ദ്രീകരിച്ച് കോടികളുടെ ജോലി തട്ടിപ്പ്. മലയാളികളടക്കം നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചതായാണ് പരാതി. ചെന്നൈ ടി നഗറിലുള്ള നബോസ് മറൈൻ ആൻറ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചതായാണ് വിവരം. മലേഷ്യ, തായ‍്‍ലന്റ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. വിശ്വാസം ജനിപ്പിക്കാൻ വ്യാജ ഓഫർ ലെറ്ററും വീസയും വിമാന ടിക്കറ്റും നൽകിയിരുന്നു. എന്നാൽ പണം കൈപ്പറ്റിയതിന് പിന്നാലെ നടത്തിപ്പുകാർ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

ടെലഗ്രാമിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും ജോലി തേടുന്നവർ ആശ്രയിക്കുന്ന വെബ്സൈറ്റുകളിലൂടെ വിദേശത്ത് എണ്ണ ഖനന മേഖലയിലും കപ്പലുകളിലും വലിയ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. ചതിയിൽ വീഴുന്നവരെ തൊഴിലവസര സാധ്യത വിശദീകരിച്ച് വിശ്വസിപ്പിച്ചതിന് ശേഷം ആദ്യഘട്ടമായി 30,000 രൂപ വരെ ആവശ്യപ്പെടും. മെഡിക്കൽ പരിശോധന പൂർത്തിയായതിന് ശേഷം വ്യാജ ഓഫർ ലെറ്ററും നൽകും. പിന്നീട് രണ്ടും മൂന്നും ഘട്ടമായി ഒന്നര ലക്ഷത്തിലേറെ രൂപ കൈക്കലാക്കും. ഒടുവിൽ മലേഷ്യക്കും കാനഡയ്ക്കും ചൈനയ്ക്കും തായ‍്‍ലൻഡിനും ചൈനക്കുമെല്ലാമുള്ള വിമാന ടിക്കറ്റും അയച്ചുനൽകും. പലതും വ്യാജം.

ചിലർക്ക് യഥാർത്ഥ വിമാന ടിക്കറ്റ് നൽകിയതിന് ശേഷം പുറപ്പെടുന്നതിന്‍റെ തലേ ദിവസം ക്യാൻസൽ ചെയ്തു. തുടർന്ന് വിളിച്ചപ്പോൾ ഫോണുകൾ സ്വിച്ച് ഓഫ്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, ലക്ഷദ്വീപ് സ്വദേശികളാണ് മുഖ്യമായും കബളിപ്പിക്കപ്പെട്ടത്. തമിഴ്നാട് മധുരൈ ഉസലംപട്ടി സ്വദേശിയായ പാൽപ്പാണ്ടി എന്നയാളാണ് തട്ടിപ്പ് സ്ഥാപനം നടത്തി വന്നത്. ഇയാളുടെ ഓഫീസിൽ മലയാളികളെ പറഞ്ഞു വിശ്വസിപ്പിക്കാൻ മലയാളികളായ ജോലിക്കാരെയും നിയമിച്ചിരുന്നു. ഒന്നര ലക്ഷത്തിലേറെ രൂപ വീതം നഷ്ടമായ നാൽപ്പതിലധികം മലയാളികളുടേയും നൂറിലേറെ ഇതര സംസ്ഥാനക്കാരുടേയും വിവരം ഇതിനകം പുറത്തുവന്നു. പലരും വിദേശത്തുള്ള ജോലി രാജിവച്ചാണ് പുതിയ ജോലിക്ക് പോകാൻ തയ്യാറെടുത്തത്. ബാഗുകൾ വരെ തയ്യാറാക്കി യാത്രക്കൊരുങ്ങിയതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. മുംബൈ വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടാൻ അവിടെയെത്തിയ ശേഷം വ്യാജ വിമാന ടിക്കറ്റാണെന്ന് അറിഞ്ഞവർ വരെയുണ്ട്. തട്ടിപ്പിനിരയായവർ ചെന്നൈയിലെത്തി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.