പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും.

ദില്ലി: സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാകുന്ന പദ്ധതിയിൽ മുതിർന്ന പൗരൻമാരെയും വിദ്യാർത്ഥികളെയും കൂടി ഉൾപ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തിങ്കളാഴ്ച രാവിലെ മുതലാണ് സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ അസമത്വത്തിനെതിരെ പോരാടുന്നതിന് ഈ നീക്കം തുടക്കമാകും. പദ്ധതി സ്ത്രീ ശാക്തീകരണത്തിന് വഴിവയ്ക്കും. ജനങ്ങളുമായി സംഭാഷണം നടത്തുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമായി ദില്ലി സർക്കാർ 'ഏകെ ആപ്പ്' എന്ന പേരിൽ ഒരു ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ദീപാവലിക്ക് ശേഷം നടക്കുന്ന ഭായ് ദൂജ് ദിനത്തിൽ സഹോദരിമാർക്കുള്ള സഹോദരന്റെ സമ്മാനമാണ് ഏകെ ആപ്പ് എന്നും കെജ്രിവാൾ പറഞ്ഞു.

Read More:ദില്ലിയിലെ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഇന്നുമുതല്‍ സൗജന്യ യാത്ര; വാഗ്ദാനങ്ങള്‍ നടപ്പാക്കി കെജ്രിവാള്‍ സര്‍ക്കാര്‍

സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയതോടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഉയർന്ന യാത്ര നിരക്ക് കൊടുക്കാതെ വീട്ടിലെത്താം. യാത്ര നിരക്ക് കൂടിയതിനാൽ പഠനം വീടിനടുത്താക്കിയവർക്ക് ഇനി മുതൽ ദൂരെയുള്ള സ്കൂളുകളിലും കോളേജുകളിലും പോയി പഠിക്കാൻ കഴിയും. അതുപോലെ ഓഫീസ് ദൂരെയായതിനാൽ ജോലിക്ക് പോകാതെയിരിക്കുന്ന സ്ത്രീകൾക്കും വീട്ടമ്മമാർക്കും ഇനി മുതൽ ജോലിക്ക് പോയി തുടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More:ബസുകളിൽ 13,000 സുരക്ഷാ ഉദ്യോഗസ്ഥർ; സ്ത്രീ സുരക്ഷയ്ക്ക് ഊന്നൽ നൽകി ദില്ലി സർക്കാർ

പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. 3700 ദില്ലി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1800 മറ്റ് ബസുകളും ചേര്‍ന്നതാണ് ദില്ലി ഇന്‍റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം([ഡിഐഐഎംടിഎസ്).

ദില്ലി സർക്കാർ നടപ്പിലാക്കിയ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി‌‌‌‌ക്ക് ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് അഭിനന്ദനങ്ങളറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.