പാർലമെന്റിൽ എംപിമാർക്കും സന്ദർശകർക്കും പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവർ ഉപ്പുമാവ്, മൂങ് ദാൽ ചില്ല തുടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദില്ലി: എംപിമാരുടെ ഭക്ഷണത്തിന് പുതിയ മെനു അവതരിപ്പിച്ച് പാർലമന്റ്. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവർ ഉപ്പുമാവ്, മൂങ് ദാൽ ചില്ല, വിവിധയിനം പച്ചക്കറി വിഭവങ്ങൾ, ഗ്രിൽഡ് ഫിഷ് എന്നിവയടക്കമുള്ള പോഷക ഗുണമുള്ള ഭക്ഷണമാണ് സഭാംഗങ്ങൾക്കും സന്ദർശകർക്കുമടക്കം ലഭിക്കുക. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ മെനുവാണ് നടപ്പാക്കാനിരിക്കുന്നത്.
മീൽസിനും കറികൾക്കുമൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിനായി മില്ലറ്റ് അടങ്ങിയ വിഭവങ്ങൾ, ഫൈബർ അടങ്ങിയ സലാഡുകൾ, പ്രോട്ടീൻ സൂപ്പുകൾ എന്നിവയും മെനുവിൽ ചേർത്തിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്, സോഡിയം എന്നിവയുടെ അളവ് കുറച്ച് മറ്റു പോഷക ഗുണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുകയാണ് ഈ മെനുവിന്റെ ലക്ഷ്യം. അതത് വിഭവങ്ങൾക്ക് നേരെ എത്ര കലോറി ഉൾപ്പെടുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സാമ്പാറും ചട്ണിയും ഉൾപ്പെടെ റാഗി മില്ലറ്റ് ഇഡ്‌ലി (270 കിലോ കലോറി), ജോവർ ഉപ്പുമാവ് (206 കിലോ കലോറി), പഞ്ചസാര ഉപയോഗിക്കാത്ത മിക്സ് മില്ലറ്റ് ഖീർ (161 കിലോ കലോറി) എന്നിവയാണ് മെനുവിലെ പ്രധാന സവിശേഷതകൾ. ചന ചാട്ട്, മൂങ് ദാൽ ചില്ല തുടങ്ങിയ നോർത്ത് ഇന്ത്യൻ വിഭവങ്ങളും ലിസ്റ്റിൽ ഉൾപ്പെടുന്നു.
ബാർലി, ജോവർ സാലഡ് (294 കിലോ കലോറി), ഗാർഡൻ ഫ്രഷ് സാലഡ് (113 കിലോ കലോറി) തുടങ്ങിയവയും എംപിമാർക്ക് കൊടുക്കാനുള്ള ലഘുഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഗ്രിൽഡ് ചിക്കൻ, ഗ്രിൽഡ് ഫിഷ് (378 കിലോ കലോറി) തുടങ്ങിയവയും ലിസ്റ്റിലുണ്ട്.
2023 ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർലിമെന്റിലടക്കം മെനുവിൽ മില്ലെറ്റ്സ് കൂടുതലായി ഉൾപ്പെടുത്തുന്നതെന്നത് ശ്രദ്ധേയമാണ്.
