Asianet News MalayalamAsianet News Malayalam

നാറ്റിക്കാന്‍ ഒരു തീപ്പൊരിമതി; പിണറായിയുടെ പൊട്ടിത്തെറി, സിപിഐയുടെ ദണ്ണം, പിന്നെ സീറ്റുമോഹികളുടെ വിലാപങ്ങള്‍!

സംഘപരിവാര്‍ നേതാക്കള്‍. തീപ്പൊരി പ്രാസംഗികയും സംഘവുമായിചര്‍ച്ച നടത്തിയെങ്കിലും പണം കൊടുക്കാന്‍ ഹിന്ദുത്വ നേതാവ് തയ്യാറായില്ല. തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഫ്രീ ആയി പൂജാരിക്ക് ഒരുപദേശം നല്‍കി, 'പൊലീസില്‍ പരാതി നല്‍കൂ' എന്ന്. 

From the India gate asianet news network political gossip column
Author
First Published Sep 25, 2023, 1:04 PM IST

രാജ്യത്തുടനീളമുള്ള രാഷ്ട്രീയത്തിന്റെയും ബ്യൂറോക്രസിയുടെയും സ്പന്ദനങ്ങളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ഇറങ്ങിച്ചെല്ലുകയാണ്. രാജ്യമെങ്ങുമുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് ലേഖകര്‍ പറയുന്ന, അധികാരത്തിന്റെ ഇടനാഴികളില്‍നിന്നുള്ള ചില കഥകളാണിത്. 'ഫ്രം ദി ഇന്ത്യാ ഗേറ്റി'ന്റെ പുതിയ എപ്പിസോഡ്. 

 

 

വീണ്ടും ചില പൊട്ടിത്തെറികള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഏത് നേരത്താണ് അരിശം കയറുന്നതെന്നോ അദ്ദേഹം ഏത് കാരണത്താലാണ് പൊട്ടിത്തെറിക്കുന്നതെന്നോ പ്രവചിക്കുക എളുപ്പമല്ല. അദ്ദേഹത്തെ എന്ത് അലോസരപ്പെടുത്തും, എപ്പോള്‍ ഏതുവിധം അത് പൊട്ടിത്തെറിയായി പുറത്തുവരും എന്നിവയെല്ലാം പ്രവചനാതീതം. 

ഏറ്റവുമൊടുവിലായി, കാസര്‍കോട് ഒരു സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. കെട്ടിടം ഉദ്ഘാടനം ചെയ്തതായി പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തുന്നതിന് മുമ്പായി കെട്ടിട നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞ് അനൗണ്‍സ്‌മെന്റ് ഉയര്‍ന്നതാണ് അദ്ദേഹത്തെ കുപിതനാക്കിയത്. തുടര്‍ന്ന്, 'ഇതൊന്നും ശരിയല്ല, ചെവി കേട്ടുകൂടേ' എന്നൊക്കെ പറഞ്ഞ് പ്രസംഗം പാതിയില്‍ നിര്‍ത്തി അദ്ദേഹം ഇറങ്ങിപ്പോയി. 

എന്നാല്‍, പിന്നീട് മറ്റൊരു പരിപാടിക്കിടെ, പ്രസംഗം നിര്‍ത്തി കുപിതനായി ഇറങ്ങിപ്പോയിട്ടില്ലെന്ന് പിണറായി വിശദീകരിച്ചു. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിച്ചിട്ടേ ഉള്ളൂ എന്നുമായിരുന്നു വിശദീകരണം. 

എന്നാല്‍, അതു പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ മുഖത്തുവിരിഞ്ഞ പുഞ്ചിരിയില്‍ പ്രകടമായിരുന്നു ആ മനസ്സിലിരിപ്പ്! 

 

From the India gate asianet news network political gossip column

 

രാഹുല്‍ വീണ്ടുമെത്തിയാല്‍...

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വീണ്ടും മല്‍സരിക്കാനെത്തിയാല്‍ എന്തു നിലപാട് എടുക്കും? പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ 'ഇന്ത്യ' സഖ്യം ശ്രമിക്കുന്നതിനിടയിലും സിപിഐയ്ക്കുള്ളില്‍ ഈ ആശങ്കയുണ്ട്. 

രാഹുല്‍ വീണ്ടും കേരളത്തില്‍ മല്‍സരിക്കാന്‍ എത്തിയാല്‍ മുഖ്യ എതിരാളികള്‍ ഇടതുപക്ഷമായിരിക്കും. ഇതാണ് കേരളത്തില്‍നിന്നുള്ള സിപിഐ നേതാവിനെ പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ സ്വന്തം ആശങ്ക പ്രകടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഇങ്ങോട്ട് വരാതെ നോക്കണമെന്ന് മുതിര്‍ന്ന നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. 

ഈ ആവശ്യത്തെ കാര്യമായാരും പിന്തുണച്ചില്ലെങ്കിലും കേരളത്തിലെ പാര്‍ട്ടിയുടെ ആധികള്‍ ഇതില്‍ പ്രകടമായിരുന്നു. സംഗതി ഐക്യമാണെങ്കിലും, കേരളത്തില്‍ അതിനുള്ള തന്ത്രങ്ങള്‍ അല്‍പ്പം മാറ്റേണ്ടി വരും, 'ഇന്ത്യ' സഖ്യത്തിന്! 

 

From the India gate asianet news network political gossip column

 

നാറ്റിക്കാന്‍ ഒരു തീപ്പൊരി മതി! 

ധാര്‍മ്മികതയൊക്കെ രാഷ്ട്രീയക്കാര്‍ ആറ്റില്‍ കളഞ്ഞിട്ട് കാലം കുറേയായി. ഏറ്റവുമൊടുവില്‍ ഇക്കാര്യം കണ്ടത് കര്‍ണാടകത്തിലെ സംഘപരിവാര്‍ പാളയത്തിലാണ്. 

സംസ്ഥാനത്തെ പ്രമുഖ ഹിന്ദുത്വ ആക്ടിവിസ്റ്റും തീപ്പൊരി പ്രാസംഗികയുമായ ചൈത്ര കുന്ദാപൂര്‍ അറസ്റ്റിലായതോടെയാണ്, ബി.ജെ.പി സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്നും അഞ്ച് കോടി തട്ടിയ കഥ പുറത്തുവന്നത്. 2023-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞാണ് ഹിന്ദുത്വ നേതാവ് സംഘപരിവാറുമായി അടുപ്പമുള്ള ഗോവിന്ദബാബു പൂജാരിയില്‍നിന്നും പണം തട്ടിയത്. 

സീറ്റുമോഹിച്ച് കാശ് കൊടുത്തെങ്കിലും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വേറെ ആളായിരുന്നു. ഇളിഭ്യനായ വ്യവസായി തുടര്‍ന്ന്, ഉഡുപ്പിയിലെ ബി.ജെ.പി നേതാക്കളോട് പരാതി പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിയും വരെ വാ പൂട്ടാനായിരുന്നു നേതാക്കളുടെ ഉപദേശം. കാശുപോയ ദണ്ണം കണക്കാക്കാതെ തെരഞ്ഞെടുപ്പ്  പ്രചാരണത്തില്‍ സജീവമാകാനും ഉപദേശമുണ്ടായി. 

തെരഞ്ഞെടുപ്പു കഴിഞ്ഞു. വ്യവസായി ഹിന്ദുത്വ നേതാവിനോട് പണം തിരികെച്ചോദിച്ചു. കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയും ആത്മഹത്യാ നാടകവുമായിരുന്നു മറുപടി. തുടര്‍ന്ന് സംഘപരിവാര്‍ നേതാക്കള്‍ക്ക് പൂജാരി നേരിട്ട് പരാതി നല്‍കി. തീപ്പൊരി പ്രാസംഗികയും സംഘവുമായി അവര്‍ ഗഹനമായിത്തന്നെ ചര്‍ച്ച നടത്തിയെങ്കിലും പണം കൊടുക്കാന്‍ ഹിന്ദുത്വ നേതാവ് തയ്യാറായില്ല. തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ ഫ്രീ ആയി പൂജാരിക്ക് ഒരുപദേശം നല്‍കി, 'പൊലീസില്‍ പരാതി നല്‍കൂ' എന്ന്. 

തുടര്‍ന്നാണ് കര്‍ണാടക പൊലീസ് സംഭവം അന്വേഷിച്ചതും തീപ്പൊരി പ്രാസംഗികയും കൂട്ടാളികളും പിടിയിലായതും. തൊട്ടുപിന്നാലെ, വന്‍തുക തട്ടിയെന്ന പരാതികളുമായി ബി.ജെ.പി പ്രാദേശിക നേതാക്കള്‍ പോലും രംഗത്തുവന്നു എന്നതാണ് സംഭവത്തിലെ പുതിയ ട്വിസ്റ്റ്! 

 

From the India gate asianet news network political gossip column


എ ഐ ഡി എം കെ നേതാക്കള്‍ ദില്ലിയില്‍ പോയ കഥ! 

സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതി പറയാനും മുന്നണി വിടുമെന്ന് ഭീഷണി മുഴക്കാനുമാണ് തമിഴ് നാട്ടിലെ എ ഐ ഡി എം കെ നേതാക്കള്‍ ദില്ലിയില്‍ പോയി ബിജെ.പി നേതൃത്വത്തെ കണ്ടത്. എന്നാല്‍, കൈയും വീശി മടങ്ങി വരാനായിരുന്നു അവരുടെ വിധി. 

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്കെതിരെയുള്ള പരാതിയുമായാണ്, എന്‍ ഡി എ മുഖ്യ കക്ഷിയായ എ ഐ ഡി എം കെ നേതാക്കള്‍ ചര്‍ച്ചയ്ക്കു പോയത്. അണ്ണാദുരൈയ്ക്കും ജയലളിതയ്ക്കും എതിരെ അണ്ണാമലൈ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ മുഖ്യആവശ്യം. അണ്ണാമലൈയ്ക്ക് എതിരെ നടപടി എടുത്തില്ലെങ്കില്‍ മുന്നണി വിടുമെന്നും അവര്‍ ഭീഷണി മുഴക്കി. 

എന്നാല്‍, ഈ ആവശ്യമൊന്നും ബി.ജെ.പി ദേശീയ നേതൃത്വം മൈന്റ് ചെയ്തില്ല. കാവി മുന്നണിയില്‍ നിന്ന് 15 സീറ്റുകളില്‍ മല്‍സരിക്കണമെന്ന് നിര്‍ബന്ധിക്കാനുള്ള അവസരമായാണ് ബി.ജെ.പിക്കാര്‍ ഈ അവസരം ഉപയോഗിച്ചത്! 


സീറ്റു മോഹികള്‍ക്കിടയില്‍പ്പെട്ട നേതാജി

സീറ്റ് മോഹികള്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ പരിഹരിക്കാനാണ്, ഒരു മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാജസ്ഥാനിലേക്ക് വിട്ടത്. ജയ്പൂരില്‍ കാലു കുത്തിയതും നേതാവിന് കാര്യം മനസ്സിലായി, ഇനി ഈ പരിപാടിക്ക് താനില്ലെന്ന് പുള്ളിക്ക് കടുപ്പിച്ച് പറയേണ്ടിയും വന്നു. 

ജയ്പൂരില്‍ എത്തിയ നിമിഷം തന്നെ പണിപാളിയെന്ന് നേതാവിന് മനസ്സിലായിരുന്നു. നാനൂറോളം സീറ്റുമോഹികളാണ് ബയോഡാറ്റയും വയറ്റത്തടിച്ച് നിലവിളികളുമായി നേതാവിന്റെ കാര്‍ വളഞ്ഞത്. സീറ്റുമോഹികളുടെ ഇടയില്‍ പെട്ടാല്‍ തടി കേടാവുമെന്ന് മനസ്സിലാക്കിയ നേതാവ് തല്‍ക്ഷണം നയം വ്യക്തമാക്കി. എന്തു വന്നാലും കാറില്‍നിന്നും പുറത്തേക്കിറങ്ങില്ല! 

നേതാവിനെ പുറത്തിറക്കാന്‍ സീറ്റുമോഹികള്‍, വണ്ടിക്കു പുറത്തുനിന്ന് ആവുന്ന പണികള്‍ ചെയ്യുന്നതിനിടെ, പുള്ളി സംസ്ഥാന നേതൃത്വത്തെ തന്റെ ദുരവസ്ഥ അറിയിച്ചു. പൊലീസ് വന്നാണ് ഒടുക്കം നേതാവിനെ രക്ഷപ്പെടുത്തിയത്. 

തടി രക്ഷപ്പെട്ട നേതാവ് ഒടുക്കം വ്യക്തമാക്കിയത് ഒരേയൊരു കാര്യമാണ്: സീറ്റ് ആര്‍ക്ക് നല്‍കിയാലും താനിനി ജയ്പൂരിലേക്കില്ല! 
 

Follow Us:
Download App:
  • android
  • ios