ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, ഡോക്ടർമാരുടെ ദേശീയ സംഘടനയായ ഐഎംഎയുടെ യോഗം വൈകുന്നേരം ദില്ലിയിൽ ചേരും. സമരത്തിന്റെ ഭാവി പരിപാടികൾ പ്രഖ്യാപിക്കും. ദില്ലി എംയിസ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ, റസിഡന്റ് ഡോക്ടർമാർ നാലു ദിവസമായി ഒപിയും അത്യാഹിത വിഭാഗങ്ങളും ബഹിഷ്കരിച്ച് സമരം തുടരുകയാണ്.

സമരം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബില്ലിനെതിരെ കേരളത്തിലടക്കം മെഡിക്കൽ വിദ്യാർത്ഥികൾ റിലേ നിരാഹാരം തുടരുകയാണ്. അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷയ്ക്കുള്ള മാനദണ്ഡമാക്കുന്ന, മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് മെഡിക്കല്‍ വിദ്യാർഥികളുടെ പ്രതിഷേധം.

ബില്ലിലെ വ്യവസ്ഥകളനുസരിച്ച് എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.  

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

ബില്ല് പ്രകാരം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷന് കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണമെന്നും ബില്ലില്‍ പറയുന്നു.