Asianet News MalayalamAsianet News Malayalam

'ദീപിക വലിയ വില കൊടുക്കേണ്ടി വരും, ജെഎൻയുവിൽ പോയത് തെറ്റ്': ഗജേന്ദ്ര ചൗഹാൻ

സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം. എന്നാല്‍, പോയ സ്ഥലം പക്ഷേ തെറ്റിപ്പോയി. സോഷ്യല്‍ മീഡിയയിലടക്കം അതിന്‍റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ തീരുവെന്ന് ഗജേന്ദ്ര ചൗഹാൻ.

Gajendra chauhan against deepika Padukons jnu visit
Author
Delhi, First Published Jan 9, 2020, 9:35 AM IST

മുംബൈ: ജെഎന്‍യു സന്ദര്‍ശിച്ച നടി ദീപിക പദുകോണിനെ രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാൻ. പുതിയ സിനിമയുടെ പ്രചാരണമാണ് ദീപികയുടെ ലക്ഷ്യമെന്നും ജെഎൻയുവിൽ പോയതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബോളിവുഡിലെ ഭൂരിപക്ഷവും പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും പ്രതിഷേധിക്കുന്ന സിനിമാക്കാർ മോദി വിരോധികളാണെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.

ബോളിവുഡിലെ നൂറുപേര്‍ എന്നും മോദി സര്‍ക്കാരിനെ എതിര്‍ത്ത് കൊണ്ടേയിരിക്കുന്നവരാണ്. അവര്‍ വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, ബോളിവുഡില്‍ അഞ്ഞൂറിലേറെ പേരുണ്ട്. ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി ചോദിച്ച് നോക്കൂ. അവര്‍ പൗരത്വ നിയമഭേദഗതിക്ക് അനുകൂലമാണെന്നും ഗജേന്ദ്ര ചൗഹാൻ പറഞ്ഞു. സിനിമാ പ്രമോഷന്‍ തന്നെയായിരുന്നു ദീപികയുടെ ലക്ഷ്യം. എന്നാല്‍, പോയ സ്ഥലം പക്ഷേ തെറ്റിപ്പോയി. സോഷ്യല്‍ മീഡിയയിലടക്കം അതിന്‍റെ പ്രത്യാഘാതം ദീപിക അനുഭവിച്ചേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിടെ പോവാനുള്ള കാരണമെന്തെന്ന് ദീപിക പോലും പറയുന്നില്ല. അവിടുന്ന് ഒന്നും പ്രസംഗിച്ചുമില്ല. പ്രശസ്തി മാത്രമാണ് ദീപികയ്ക്ക് വേണ്ടിയിരുന്നതെന്നും അതിന് പറ്റിയ അവസരമായി ജെഎന്‍യുവിനെ അവര്‍ കണ്ടുവെന്നും ചൗഹാൻ ആരോപിക്കുന്നു. മികച്ച ഒരു വിഷയമാണ് ദീപികയുടെ അടുത്ത സിനിമ. അതിന്‍റെ ഭാവി ഓര്‍ത്ത് തനിക്ക് ദുഃഖമുണ്ടെന്നും ഗജേന്ദ്ര ചൗഹാൻ പറഞ്ഞു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം നേരിടേണ്ടി വന്ന ആളാണ് ഗജേന്ദ്ര ചൗഹാൻ.

Read More: ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം; പൗരത്വ ഭേദഗതിയെ അനുകൂലിച്ച താരങ്ങളുടെ വീഡിയോയുമായി ബിജെപി

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് ദീപിക ജെഎൻയു ക്യാമ്പസിലെത്തിയത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ദീപികയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതേതുടര്‍ന്ന് ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്ന് ഒരു കൂട്ടര്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. എന്നാല്‍ കനയ്യ കുമാറടക്കമുള്ള നേതാക്കള്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തി. 

Read More: ദീപികയുടെ 'ഛപാക്' ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ക്യാമ്പയിന്‍; സിനിമ കാണില്ലെന്ന് ട്വീറ്റ് 

 

Follow Us:
Download App:
  • android
  • ios