ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ച കോണ്‍സ്റ്റബിളിന്‍റെ മകനെ ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. കൊവിഡ് ബാധിച്ച് മരണപ്പെട്ട ദില്ലി പൊലീസിലെ കോണ്‍സ്റ്റബിളായ അമിത് കുമാറിന്‍റെ മൂന്ന് വയസുകാരനായ മകനെയാണ് സ്വന്തം മകനെ പോലെ സംരക്ഷിക്കുമെന്ന് ലോക്സഭ എംപിയായ ഗംഭീര്‍ പ്രഖ്യാപിച്ചത്.

അമിത് കുമാറിന്‍റെ മകന്‍റെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു. ദില്ലിയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ അമിത് കുമാര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി.

ചൊവ്വാഴ്ച പനി കൂടിയതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അമിത് കുമാറിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ ഭരണസംവിധാനത്തെ അടക്കം രൂക്ഷമായി വിമര്‍ശിച്ചാണ് ഗൗതം ഗംഭീര്‍ രംഗത്ത് വന്നത്.

ഭരണസംവിധാനവും അദ്ദേഹത്തെ പരാജയപ്പെടത്തി, ദില്ലി അദ്ദേഹത്തെ പരാജയപ്പെടുത്തി എന്ന് ട്വിറ്ററില്‍ കുറിച്ച് ഗംഭീര്‍ കോണ്‍സ്റ്റബിള്‍ അമിത്തിനെ ഇനി ജീവനോടെ തിരിച്ചുകൊണ്ടു വരാനാവില്ലെന്നും പറഞ്ഞു. എന്നാല്‍, അമിത്തിന്‍റെ മകനെ സ്വന്തം മകനെ പോലെ ഇനി നോക്കും. അവന്‍റെ വിദ്യാഭ്യാസ കാര്യങ്ങളുടെ ചെലവ് ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.