ലോകത്ത് അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്ന് അവകാശപ്പെട്ട് ശാസ്ത്രജ്ഞൻ
ദില്ലി: ലോകത്ത് അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്ന് അവകാശപ്പെട്ട് പ്രമുഖ ശാസ്ത്രജ്ഞന്റെ പഠനം. 60 കോടിയിലധികം ആളുകൾ കുംഭമേളയിൽ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളിൽ നിന്ന് മുക്തമായി തുടരുകയാണെന്നും അതിന് കാരണം മറ്റൊരു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയാണെന്നുമാണ് പഠനം നടത്തിയ ശസ്ത്രജ്ഞൻ പത്മശ്രീ ഡോ. അജയ് സോങ്കർ പറയുന്നത്.
1,100 തരം ബാക്ടീരിയോഫേജുകളിലാണ് ഇതിന്റെ രഹസ്യം, അവ സ്വാഭാവികമായും ജലത്തെ ശുദ്ധീകരിക്കുന്നു, മലിനീകരണം ഇല്ലാതാക്കി 50 മടങ്ങ് കൂടുതൽ രോഗാണുക്കളെ കൊല്ലുകയും അവയുടെ ആർഎൻഎ മാറ്റുകയും ചെയ്യുന്നു. ഇത്രയും അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള ലോകത്തിലെ ഏക ശുദ്ധജല നദിയാണ് ഗംഗയെന്നും അജയ് സോങ്കര്‍ പറഞ്ഞുവയ്ക്കുന്നു. ഗംഗയുടെ ശക്തിയെ കടൽ വെള്ളത്തോട് ഉപമിച്ച അദ്ദേഹം, മലിനീകരണത്തേയും ദോഷകരമായ ബാക്ടീരിയകളെയും ഇല്ലാതാക്കുന്ന ഗംഗയിലെ ബാക്ടീരിയോഫേജുകളെ കുറിച്ചും വിശദീകരിക്കുന്നു.
''ഗംഗയുടെ 'സുരക്ഷാ ഗാർഡ്' എന്നറിയപ്പെടുന്ന ഈ ബാക്ടീരിയോഫേജുകൾ തൽക്ഷണം നദിയെ ശുദ്ധീകരിക്കുന്നു. ഗംഗാ വെള്ളത്തിൽ 1,100 തരം ബാക്ടീരിയോഫേജുകൾ അടങ്ങിയിട്ടുണ്ട്. അവ സുരക്ഷാ ഗാർഡുകളെ പോലെ പ്രവർത്തിക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ കൃത്യമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. ബാക്ടീരിയകളേക്കാൾ 50 മടങ്ങ് ചെറുതാണെങ്കിലും ബാക്ടീരിയോഫേജുകൾക്ക് അവിശ്വസനീയമായ ശക്തിയുണ്ട്. അവ ബാക്ടീരിയകളിൽ നുഴഞ്ഞുകയറുകയും അവയുടെ ആർഎൻഎ ഹാക്ക് ചെയ്യുകയും ഒടുവിൽ അവയെ നശിപ്പിക്കുകയും ചെയ്യുന്നു. മഹാ കുംഭമേളയിൽ, ലക്ഷക്കണക്കിന് ആളുകൾ പുണ്യസ്നാനം ചെയ്യുമ്പോൾ, പുറത്തുവരുന്ന അണുക്കളെ ബാക്ടീരിയോഫേജുകൾ നിർവീര്യമാക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ മാത്രമേ നശിപ്പിക്കൂ എന്നതാണ് ബാക്ടീരിയോഫേജുകളുടെ പ്രത്യേകത. ഓരോ ഫേജും വേഗത്തിൽ 100 മുതൽ 300 പുതിയവ ഉത്പാദിപ്പിക്കുന്നു, അവ ആക്രമണം തുടരുന്നു, ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ഗുണകരമായ ബാക്ടീരിയകളെ ബാധിക്കാതെ ഇവയ്ക്ക് ദോഷകരമായ ബാക്ടീരിയകളെ ലക്ഷ്യം വയ്ക്കാൻ കഴിയും എന്ന് ചൂണ്ടിക്കാട്ടി. ബാക്ടീരിയോഫേജുകളുടെ വൈദ്യശാസ്ത്രപരമായ സാധ്യതകളും അദ്ദേഹം ഇതോടൊപ്പം പറയുന്നുണ്ട്. ഗംഗയുടെ അതുല്യമായ സ്വയം ശുദ്ധീകരണത്തെ പ്രകൃതിയിൽ നിന്നുള്ള ഒരു സന്ദേശമായിട്ടാണ് കാണുന്നത്. നദി അതിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതുപോലെ, മനുഷ്യരാശി പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം''- അദ്ദേഹം പറഞ്ഞു.
കാൻസർ, ജനിതക കോഡ്, സെൽ ബയോളജി, ഓട്ടോഫാഗി എന്നിവയിൽ ആഗോള ഗവേഷകനാണ് ഡോ. സോങ്കർ. വാഗനിംഗൻ സർവകലാശാല, റൈസ് സർവകലാശാല, ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് മെഡിക്കൽ സ്കൂൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ഇദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പോഷകാഹാരം, ഹൃദ്രോഗങ്ങൾ, പ്രമേഹം എന്നിവയിലും അദ്ദേഹത്തിന് ഗവേഷണമുണ്ട്. യുഎസ്എയിലെ ഹ്യൂസ്റ്റണിലെ റൈസ് സർവകലാശാലയിൽ നിന്നുള്ള ഡിഎൻഎയുമായി ബന്ധപ്പെട്ട ജൈവ ജനിതക കോഡിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.
ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 2016-ലെ നോബൽ സമ്മാന ജേതാവായ ജാപ്പനീസ് ശാസ്ത്രജ്ഞനായ ഡോ. യോഷിനോരി ഒഹ്സുമിയുമായി ചേർന്ന് സെൽ ബയോളജി, ഓട്ടോഫാഗി എന്നിവയെ കുറിച്ചും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. 2004 ൽ, ബുന്ദേൽഖണ്ഡ് സർവകലാശാലയിലെ ജെസി ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസിൽ പ്രൊഫസറായി ഡോ. അജയ് നിയമിതനായി. 2000 ത്തിന്റെ തുടക്കത്തിൽ, പൂർവാഞ്ചൽ സർവകലാശാല അദ്ദേഹത്തെ ഡോക്ടർ ഓഫ് സയൻസ് പദവി നൽകി ആദരിച്ചിരുന്നു.
കുംഭമേളയിൽ പങ്കെടുക്കാൻ പോയ മലയാളിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
