ദില്ലി: ദില്ലി ഗാർഗി കോളേജിൽ പെൺകുട്ടികൾ നേരെ ലൈംഗിക അതിക്രമത്തിന് ഇരയായ കേസില്‍ അറസ്റ്റിലായ 10 പേർക്കും ജാമ്യം. ദില്ലി സാകേത് കോടതിയാണ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. 10,000 രൂപ വീതം ഈടാക്കിയാണ് ഓരോരുത്തർക്കും ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായി ഒരു ദിവസത്തിനുള്ളില്‍ തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നത് ഞെട്ടിക്കുന്നതാണ്. ഇന്നലെ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കോളേജിന് സമീപത്തുണ്ടായിരുന്ന 23 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. ഐപിസി 452,354,509,32 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാര്‍ഗികോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കോളേജ് ഫെസ്റ്റിനിടെയാണ് സംഭവം നടന്നത്. മദ്യപിച്ച് പുറത്ത് നിന്നെത്തിയ ഒരു സംഘം വിദ്യാർത്ഥിനികളെ ലൈംഗികമായി ആക്രമിക്കുകയായിരുന്നവെന്നാണ് പരാതി. ഇക്കാര്യം കോളേജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികൾ തങ്ങൾ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പാർലമെന്റി്ലെ ഇരുസഭകളിലും സംഭവം ചർച്ചയായതോടെ കേന്ദ്രസർക്കാർ ഇടപെട്ടു. പിന്നാലെ ദില്ലി പോലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ കോളേജില്‍ ഫെസ്റ്റിവല്‍ നടക്കുന്നതിനെക്കുറിച്ച് കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.  

11 ടീമുകളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സംഭവം വലിയ വിവാദമായതോടെ നിരവധിപ്പേരെ പൊലീസ് ചോദ്യം ചെയ്യുകയും പ്രതികളിലേക്ക് എത്തിച്ചേരുകയുമായിരുന്നു. കോളേജ് ഫെസ്റ്റിവലിന് ഇടയിലാണ് ദില്ലിയിലെ പ്രമുഖ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികളെ വ്യാപകമായി അപമാനിച്ചത്. മദ്യപിച്ച് ലക്കുകെട്ട പുരുഷന്മാര്‍ ക്യാംപസിനകത്ത് എത്തി പെണ്‍കുട്ടികളെ കടന്നുപിടിച്ചതായും ബാത്ത്റൂമുകളില്‍ അടച്ചിട്ടതായും പെണ്‍കുട്ടികളെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും ഗാര്‍ഗി കോളേജിലെ ഒരു വിദ്യാര്‍ഥിനി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.