ബെല്ലാരി(കര്‍ണാടക): ഉപ്പുവെള്ളവും മഞ്ഞളും കൊവിഡ് 19നെ ഭേദപ്പെടുത്തുമെന്ന് അശാസ്ത്രീയ വാദവുമായി കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. ബെല്ലാരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി വിചിത്ര വാദമുന്നയിച്ചത്.ഉപ്പും മഞ്ഞളും കലക്കിയ വെള്ളം ഉപയോഗിച്ച് കവിള്‍കൊള്ളുന്നവര്‍ക്ക് കൊവിഡ് രോഗം ഭേദമായിട്ടുണ്ട്. ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കണം. ചൂടുവെള്ളം കുടിക്കുന്നതും കൊറോണ വരാനുള്ള സാധ്യത ഇല്ലാതാക്കും.  ചൈനയിലെ ആളുകളും ഇത് ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.

താനൊരു ഡോക്ടറല്ലെന്നും ചില ആരോഗ്യ ലേഖനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വെയില്‍ കൊള്ളുന്നത് കൊവിഡ് രോഗം ഭേദപ്പെടുത്തുമെന്ന് ശ്രീരാമുലു നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.  

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ 13 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ 384 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 
104 പേര്‍ക്ക് അസുഖം ഭേദമായപ്പോള്‍ 14 പേരാണ് കൊവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിച്ചത്. മൈസൂരിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 61 പേര്‍ക്കാണ് ഇവിടെ കൊവിഡ് പിടിപെട്ടത്.