ദില്ലി: പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കാണും. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ  ഗൗരവ് അലുവാലിയ ആണ് കുല്‍ഭൂഷണുമായി കൂടിക്കാഴ്ച നടത്തുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. കുല്‍ഭൂഷണ്‍ ജാദവുമായി സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ സ്വതന്ത്രമായി കാണാന്‍ അനുമതി വേണമെന്ന ഇന്ത്യയുടെ ആവശ്യം കഴിഞ്ഞമാസം പാകിസ്ഥാന്‍ തള്ളിയിരുന്നു. കൂടിക്കാഴ്ച റെക്കോര്‍ഡ് ചെയ്യും പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്താവു തുടങ്ങി പാകിസ്ഥാന്‍ മുന്നോട്ട് വച്ച ഉപാധികള്‍ ഇന്ത്യ തള്ളുകയായിരുന്നു.

മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ 2016 മാർച്ച് മൂന്നിനാണ് അറിയിച്ചത്. അതേസമയം ഇറാനിൽ നിന്നും ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പറയുന്നു. ചാരപ്രവർത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ പാകിസ്ഥാൻ സൈനിക കോടതി വിധിച്ചത്. 

ഇതിനെതിരെ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിക്കുകയായിരുന്നു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെടുകയായിരുന്നു.