പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ 'മൻ കി ബാത്തിൻ്റെ' 128-ാമത് എപ്പിസോഡിൽ ജെൻ സികളുടെ ആത്മവിശ്വാസം രാജ്യത്തിൻ്റെ ശക്തിയാണെന്ന് പറഞ്ഞു. പരാജയങ്ങളിൽ തളരാതെ വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള യുവത്വത്തിൻ്റെ നിശ്ചയദാർഢ്യമാണ് 'വികസിത ഭാരതത്തിൻ്റെ' അടിത്തറ.

ദില്ലി: ഇന്ത്യയുടെ യുവശക്തിയായ ജെൻ സി കാട്ടുന്ന നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ ഭാവി സ്വപ്നമായ 'വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 128-ാമത് എപ്പിസോഡിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. "ഹൃദയത്തിൽ ദൃഢനിശ്ചയമുണ്ടെങ്കിൽ, ഒരു ടീമായി പ്രവർത്തിക്കുവൻ കഴിയുമെങ്കിൽ ഒരുപാട് തവണ വീണിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ധൈര്യമുണ്ടെങ്കിൽ, എത്ര പ്രയാസകരമായ സമയത്തും വിജയം സുനിശ്ചിതമാണ്," എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രോ ഡ്രോൺ മത്സരവും യുവത്വത്തിന്റെ ആവേശവും

യുവതലമുറയുടെ ഈ ആത്മവീര്യത്തിന് തെളിവായി പ്രധാനമന്ത്രി ഒരു ഐ എസ് ആർ ഒ ഡ്രോൺ മത്സരത്തിലെ അനുഭവം പങ്കുവെച്ചു. ചൊവ്വയിലെ സാഹചര്യങ്ങൾക്ക് സമാനമായി ജി പി എസ് സഹായമില്ലാതെ ഡ്രോണുകൾ പറത്താൻ യുവാക്കൾ ശ്രമിച്ചതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഈ മത്സരത്തിൽ, പുറമെ നിന്നുള്ള സിഗ്നലുകളോ സഹായമോ ഇല്ലാതെ, ക്യാമറകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ഡ്രോണുകൾക്ക് പാറ്റേണുകൾ തിരിച്ചറിയേണ്ടതുണ്ടായിരുന്നു. ഇതു കാരണം പലതവണ ഡ്രോണുകൾ തകർന്നു വീണു. എന്നാൽ, തളരാത്ത മനസ്സോടെ വീണ്ടും ശ്രമിച്ച പുണെയിൽ നിന്നുള്ള യുവസംഘം ഒടുവിൽ ദീർഘനേരത്തെ പരിശ്രമത്തിനോടുവിൽ ഡ്രോൺ പറത്തുന്നതിൽ വിജയിച്ചു. പരാജയങ്ങളെ ഭയക്കാതെ, വീണ്ടും എഴുന്നേൽക്കാൻ യുവതലമുറ കാണിക്കുന്ന ഈ നിശ്ചയദാർഢ്യമാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജം നൽകുന്നത് എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ചന്ദ്രയാൻ-3: പരാജയത്തിൽ നിന്ന് ജനിച്ച വിജയം

ഈ യുവജനങ്ങളുടെ ആത്മവിശ്വാസം കണ്ടപ്പോൾ പ്രധാനമന്ത്രിക്ക് ചന്ദ്രയാൻ ദൗത്യം ഓർമ്മ വന്നു. ചന്ദ്രയാൻ-2 ദൗത്യത്തിൽ ആശയവിനിമയം നഷ്ടപ്പെട്ട ദിവസത്തെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു. "നമ്മുടെ ശാസ്ത്രജ്ഞർ ഒരു നിമിഷം നിരാശരായെങ്കിലും, ആ പരാജയം അവരെ തടഞ്ഞില്ല. അന്നുതന്നെ അവർ ചന്ദ്രയാൻ-3 യുടെ വിജയഗാഥ എഴുതാൻ തുടങ്ങി." അതുകൊണ്ട്, ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്തപ്പോൾ, അത് വെറുമൊരു സാങ്കേതിക വിജയം മാത്രമായിരുന്നില്ല, മറിച്ച് പരാജയത്തിൽ നിന്ന് ജനിച്ച ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. യുവത്വത്തിലും താൻ ഇതേ ആവേശവും സമർപ്പണവുമാണ് കാണുന്നത്. അതുകൊണ്ടുതന്നെ, അവരുടെ ഈ നിശ്ചയദാർഢ്യമാണ് 'വികസിത ഭാരതത്തിന്റെ' ഏറ്റവും വലിയ ശക്തി എന്നതിൽ സംശയമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.