Asianet News MalayalamAsianet News Malayalam

'പാർട്ടിയെ കൊണ്ട് സാധ്യമായതൊക്കെ നേടി, വീട്ടിലിരിക്കേണ്ട സമയത്ത്‌ ബിജെപിയുടെ കളിപ്പാവ'; ചതിയെന്ന് സിദ്ദിഖ്

ഫാസിസ്റ്റ് - വർഗീയ ഭരണകൂടം രാജ്യത്തെ തകർക്കുമ്പോൾ ഈ രാജ്യം ഉണ്ടാക്കിയെടുത്ത കോൺഗ്രസുകാരുടെ പിന്മുറക്കാർ രാജ്യത്തെ തിരിച്ച്‌ പിടിക്കാൻ പോരാട്ടം നയിക്കുകയാണ്.

ghulam nabi azad quits congress T Siddique criticism
Author
First Published Aug 26, 2022, 9:49 PM IST

കോഴിക്കോട്: ഗുലാം നബി ആസാദ്‌ കോൺഗ്രസ്‌ പാർട്ടിയോട്‌ ചെയ്തത്‌ കൊടും ചതിയാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കോൺഗ്രസ്‌ പാർട്ടിയെ കൊണ്ട്‌ ജീവിതകാലം മുഴുവൻ സാധ്യമായതൊക്കെ നേടി ഒടുവിൽ വിരമിച്ച്‌ വീട്ടിലിരിക്കേണ്ട സമയത്ത്‌ ബിജെപിയുടെ കയ്യിലെ കളിപ്പാവയായിരിക്കുകയാണ് അദ്ദേഹം. ഇത് കാണുമ്പോൾ സഹതാപം മാത്രമാണുള്ളതെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.  അധികാരത്തിന് വേണ്ടി മാത്രം പാർട്ടിയും ആശയവും എന്നത്‌ കോൺഗ്രസിന്റെ നയമല്ല.

രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്‌ അതിന്റെ ആത്മാവിന് പരിക്കേറ്റ നിലയിലാണ്. ഫാസിസ്റ്റ് - വർഗീയ ഭരണകൂടം രാജ്യത്തെ തകർക്കുമ്പോൾ ഈ രാജ്യം ഉണ്ടാക്കിയെടുത്ത കോൺഗ്രസുകാരുടെ പിന്മുറക്കാർ രാജ്യത്തെ തിരിച്ച്‌ പിടിക്കാൻ പോരാട്ടം നയിക്കുകയാണ്. അപ്പോഴാണ് ഗുലാം നബിയെ പോലുള്ളവർ പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നത്‌. ബിജെപി കശ്‌മീരിനെ വിഭജിച്ചപ്പോൾ പാർലമെന്റിൽ മോദിയുടെ മുഖത്ത്‌ നോക്കി ചോദിക്കാൻ ഗുലാം നബിക്ക്‌ മുട്ട്‌ വിറച്ചപ്പോൾ തന്നെ ഇങ്ങനെയൊരു പോക്ക്‌ രാഷ്ട്രീയം അറിയാവുന്നവർക്ക്‌ ബോധ്യമായതാണ്.

ആരുപോയാലും വന്നാലും കോൺഗ്രസ്‌ എന്ന ആശയം നശിക്കില്ല. അത്‌ ഇന്ത്യ ഉള്ള കാലത്തോളം എന്നല്ല, ഇന്ത്യയെ നില നിർത്തിക്കൊണ്ട്‌ എക്കാലവും ഇവിടെ ഉണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു. വിഭജിക്കപ്പെട്ട്‌ കൊണ്ടിരിക്കുന്ന ഇന്ത്യയെ ഒന്നാക്കാൻ രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെ 3500 കിലോ മീറ്ററിലധികം പദയാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്ന ഈ സമയത്ത്‌ ഓരോ യഥാർത്ഥ കോൺഗ്രസുകാരനും രാജ്യത്തെ തിരിച്ച്‌ പിടിക്കാനുള്ള പോരാട്ടത്തിലാണ്. ഇത്തരം അധികാര മോഹികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ പാർട്ടിയെ കൂടുതൽ കരുത്തരാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ബിജെപിയെ എതിർക്കാൻ രാജ്യത്ത്‌ ജനാധിപത്യവും മതേതരത്വവും നില നിൽക്കാനും ഒരു ജീവശ്വാസം പോലെ കോൺഗ്രസ്‌ നില നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്. ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി രാജി പ്രഖ്യാപിച്ചത്.  

കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്‍റെ വിമര്‍ശനം.

ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി. അതേസമയം, ഗുലാം നബിക്ക് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാര്‍ട്ടി വിടുമെന്നാണ് സൂചനകളാണ് പുറത്ത് വരുന്നത്. ജമ്മുകശ്മീരിലെ മുൻ എംഎൽഎമാര്‍ കൂടിയായ അഞ്ച് കോൺഗ്രസ് നേതാക്കൾ ഇതിനകം രാജി പ്രഖ്യാപിച്ച് കഴിഞ്ഞു. മുൻ മന്ത്രി ജി എം സരുരി, അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം എന്നിവരാണ് ഏറ്റവും ഒടുവിലായി രാജി പ്രഖ്യാപിച്ചത്.

ആസാദിന്‍റെ രാജി,'പിന്നില്‍ മോദിയെന്ന് കരുതുന്നില്ല', തിരിച്ചടിക്കെല്ലാം ഉത്തരവാദി രാഹുലല്ലെന്ന് പി ജെ കുര്യന്‍

Follow Us:
Download App:
  • android
  • ios