ആദംപൂര്‍:  തന്നെ എന്തുകൊണ്ട് ബിജെപി ആദംപൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയെന്നും വിജയിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്നും വ്യക്തമാക്കി ആദംപൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും ടിക് ടോക് സീരിയല്‍ താരവുമായ സൊനാലി ഫോഗട്ട്.  ടിക് ടോക് മാത്രമല്ല തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും കഴിഞ്ഞ 12 വര്‍ഷമായി താന്‍ ബിജെപി പ്രവര്‍ത്തകയാണെന്നും താരം ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറ‍ഞ്ഞു.

മധ്യപ്രദേശില്‍ ട്രൈബല്‍ മോര്‍ച്ചയുടെ ഭാഗമായി താന്‍ പ്രവര്‍ത്തിച്ചിട്ടണ്ട്. അതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്ന്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ടിക് ടോക്കില്‍ തനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്. ഇവിടെ വിജയിക്കുകയാണെങ്കില്‍ ടിക് ടോക് ദേശഭക്തി പ്രചരിപ്പിക്കാനും തന്‍റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനും ഉപയോഗിക്കുമെന്നും സൊനാലി പറഞ്ഞു.

പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണം. രാജ്യ സുരക്ഷയാണ് പ്രധാനം. അനധികൃത കുടിയേറ്റം ഭീഷണിയാണ്.  താന്‍ മാതൃകയാക്കുന്ന വനിതാ നേതാവ് സുമിത്ര മഹാജനാണ്. അടുത്തിടെ വിടവാങ്ങിയ സുഷമ സ്വരാജിനോടും വലിയ ബഹുമാനമുണ്ട്.

രാഷ്ട്രീയ രംഗത്ത് ബിജെപി അവസരം നല്‍കി തിളങ്ങി നില്‍ക്കുന്ന നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി എന്നിവരും പ്രചോദനമാണെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി സൊനാലി പറഞ്ഞു. റക്ബര്‍ ഖാന്‍, പെഹ്ലു ഖാന്‍ എന്നിവരുടെ വിധവകള്‍ ബീഹാറിലാണ് ജിവിക്കുന്നത് അവര്‍ക്ക് വേണ്ടി എന്തെങ്കിലും പദ്ധതികളുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അവരെ കുറിച്ച് അറിവില്ലെന്നായിരുന്നു മറുപടി.

കോണ്‍ഗ്രസ് കോട്ടയാണ് ഹരിയാനയിലെ ആദംപൂര്‍. ഈ മണ്ഡലം പിടിക്കാനാണ് സൊനാലി ഫോഗറ്റിനെ ബിജെപി ഇറക്കിയിരിക്കുന്നത്. സൊനാലിയെ വച്ച് കോണ്‍ഗ്രസിന്‍റെ കുത്തകമണ്ഡലം പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ടിക് ടോക്കില്‍ ഏകദേശം ഒരു ലക്ഷത്തോളം ഫോളോവേഴ്സുള്ള സൊനാലിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹരിയാനയില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായ ഭജന്‍ലാലിന്‍റെ മകന്‍ കുല്‍ദീപ് ബിഷ്ണോയി ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.  

ഓണ്‍ലൈനിലെ സ്വീകാര്യത വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കള്‍. ഹരിയാന-രാജസ്ഥാന്‍ ബോര്‍ഡറിലുള്ള ആദംപൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബിഷ്ണോയി കുടുംബമാണ് വിജയിച്ചു വരുന്നത്. 1969 മുതല്‍ എട്ടുതവണയാണ് ഭജന്‍ലാല്‍ ഇവിടെ നിന്നും വിജയിച്ചത്. ഈ സീറ്റ് പിടിക്കാനാണ് ബിജെപി ടിക് ടോക് താരത്തെ ഇറക്കുന്നത്.