പനാജി:  വിമാന സർവ്വീസ് വൈകിയതിനെ തുടർന്ന് യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുംബൈയിൽ നിന്നും ഗോവയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ഇതേ തുടർന്ന് യാത്രക്കാര്‍ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

വെള്ളിയാഴ്ച 9.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയായിട്ടും ഗോവയ്ക്ക് തിരിക്കാത്തതിനെ തുടര്‍ന്ന് 1.13ഓടെയാണ് ഭതികര്‍ എന്നയാത്രക്കാരൻ പ്രമോദ് സാവന്തിനെ ഫോണില്‍ വിളിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കാർക്ക് വിമാനത്താളത്തിലെ റെസ്റ്റോറന്റില്‍ സാവന്ത് ഭക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒപ്പം അരമണിക്കൂറിനുള്ളിൽ തന്നെ വിമാനം മുംബൈയിൽ നിന്നും ​ഗോവയിലേയ്ക്ക് പറക്കുമെന്നും യാത്രക്കാർക്ക് അദ്ദേഹം ഉറപ്പും നൽകി. ശേഷം 3.30ഓടെ വിമാനം ​ഗോവയിൽ എത്തിയെന്ന് ഭതികര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിമാനം മുംബൈയിൽ ഇറങ്ങിയശേഷം ഗോവയിലേക്ക് ഉടന്‍ പറത്താന്‍ ജീവനക്കാര്‍ തയ്യാറാകാതെ ടേക്ക് ഓഫ് സമയം മാറ്റിവെയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.