പനജി: ഗോവയില്‍ വിവാഹ രജിസ്ട്രേഷന്‍ നടക്കണമെങ്കില്‍ വിവാഹത്തിന് മുമ്പ് നിര്‍ബന്ധിതമായി എച്ച്ഐവി ടെസ്റ്റ് നടത്തണമെന്ന് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വിശ്വജിത്ത് അറിയിച്ചു. മണ്‍സൂണ്‍ സെഷനില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ സംസ്ഥാനമെന്ന നിലയില്‍ ഗോവക്ക് മറ്റ് സംസ്ഥാനങ്ങളെ വഴികാട്ടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2006ലും വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. എല്ലാ ലബോറട്ടറികളും രണ്ട് വര്‍ഷം കൂടുമ്പോള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സ്പാ സെന്‍ററുകളെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.