ഭോപ്പാല്‍: ആളുകളുടെ കൈകളില്‍ ഉമ്മ നല്‍കി അനുഗ്രഹം ചൊരിയുന്ന ആള്‍ദൈവം കൊവിഡ് ബാധിച്ചുമരിച്ചു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. 'ബാബ' എന്ന് വിളിക്കുന്ന ആള്‍ദൈവത്തെ സന്ദര്‍ശിക്കാനെത്തിയ ഭക്തരിരില്‍ ചിലര്‍ക്ക് രോഗം ബാധിച്ചിരുന്നുവെന്നും ഔട്ട്ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രത്ലം ജില്ലയില്‍ 85 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ 19 പേര്‍ ബാബയുമായി ബന്ധപ്പെട്ടവരാണെന്നും ഇവര്‍  നയപുര ഭാഗത്തുള്ളവരാണെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

ഭക്തരുടെ കൈകളില്‍ ഉമ്മ വച്ചാണ് ബാബ അനുഗ്രഹം നല്‍കിയിരുന്നത്. ആഭിചാര കര്‍മ്മങ്ങളും ഇയാള്‍ നടത്തിയിരുന്നു. ജൂണ്‍ നാലിനായിരുന്നു ബാബ കൊവിഡ് ബാധിച്ച് മരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറി‌ഞ്ഞത്. 

ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദ് പ്രജാപതി വ്യക്തമാക്കി. ജില്ലയില്‍ നിലവില്‍ഡ 46 കൊവിഡ് രോഗികളാണ് ഉള്ളത്. നാല് പേര്‍ മരിക്കുകയും ചെയ്തു.