Asianet News MalayalamAsianet News Malayalam

ഗോഡ്സെ 'ദേശഭക്തനെ'ന്ന പരാമർശം: പ്രഗ്യയെ പ്രതിരോധ സമിതിയിൽ നിന്ന് നീക്കി

പ്രതിരോധ സമിതിയിൽ നിന്ന് പ്രഗ്യാ സിംഗ് ഠാക്കൂറിനെ നീക്കാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രിയും ബിജെപി പ്രവർത്തനാധ്യക്ഷനുമായ ജെ പി  നദ്ദ പ്രതികരിച്ചു. 

godse deshbhakt patriot repeats pragya singh thakur action taken removed from defense committee
Author
New Delhi, First Published Nov 28, 2019, 11:08 AM IST

ദില്ലി: മഹാത്മാഗാന്ധിയെ വെടിവച്ച് കൊന്ന നാഥുറാം വിനായക് ഗോഡ്‍സെ ദേശഭക്തനാണെന്ന ലോക്സഭയിൽ പ്രഗ്യാ സിംഗ് ഠാക്കൂർ എംപി പറഞ്ഞത് അപലപനീയമെന്ന് ബിജെപി പ്രവർത്തനാദ്ധ്യക്ഷൻ ജെ പി നദ്ദ. ബിജെപി ഇത്തരം പരാമർശങ്ങളെ അനുകൂലിക്കുന്നില്ലെന്നും പാർട്ടി, ഭരണതലങ്ങളിൽ പ്രഗ്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നദ്ദ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി പ്രതിരോധ സമിതിയിൽ നിന്ന് പ്രഗ്യയെ ഒഴിവാക്കി. പാർട്ടിയുടെ പാർലമെന്‍ററി സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്. 

പ്രഗ്യയുടെ പ്രസ്താവന ബിജെപിയുടെ അച്ചടക്കസമിതി പരിശോധിക്കും. പ്രഗ്യയോട് വിശദീകരണം തേടും. സസ്പെൻഡ് ചെയ്യുന്ന കാര്യവും പരിശോധിക്കുമെന്നാണ് സൂചന.

അതേസമയം, പ്രഗ്യയ്ക്ക് എതിരെ സ്പീക്കർ നടപടിയെടുക്കണമെന്നും, സഭ നിർത്തിവച്ച് പരാർശത്തെക്കുറിച്ച് ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാലിത് സ്പീക്കർ ഓം ബിർള തള്ളി. സഭാരേഖയിൽ നിന്ന് നീക്കിയ പരാമർശമായതിനാൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രഗ്യയുടെ പ്രസ്താവനയെ അപലപിക്കുന്നതായി രാജ്‍നാഥ് സിംഗും പറഞ്ഞു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. 

ബുധനാഴ്ച എസ്പിജി നിയമഭേദഗതി ലോക്സഭ ചർച്ച ചെയ്യുന്നതിനിടെ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊന്നു എന്ന് ഗോഡ്സെ എഴുതിയത് ഡിഎംകെ എംപി എ രാജ ഉദ്ധരിക്കവെയാണ് പ്രഗ്യാ സിംഗ് ഠാക്കൂർ ഇടപെട്ടത്. ''ദേശഭക്തരെക്കുറിച്ച് ഇവിടെ ഉദാഹരണമായി കാണിക്കരുത്'', എന്ന് പ്രഗ്യ ഉറക്കെ വിളിച്ച് പറഞ്ഞു. വലിയ ബഹളമായി. എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഗോഡ്സെയെ വീണ്ടും വീണ്ടും ദേശഭക്തനെന്ന് വിളിക്കുന്നതെന്ന് ഉറക്കെ ചോദിച്ച് പ്രതിപക്ഷം ബഹളം തുടങ്ങി.

32 വർഷത്തെ പകയാണ് ഒടുവിൽ ഗാന്ധി വധത്തിൽ കലാശിച്ചതെന്ന് ഗോഡ്സെ എഴുതിയത് രാജ വായിച്ചു. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചതുകൊണ്ടാണ് ഗാന്ധിയെ ഗോഡ്സെ വധിച്ചതെന്നും രാജ പറഞ്ഞു. ഇതിനിടെയാണ് ഠാക്കൂർ പ്രകോപിതയായി എഴുന്നേറ്റത്. 

പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ ബിജെപി എംപിമാർ പ്രതിരോധത്തിലാണ്. ബിജെപി എംപിമാർ തന്നെ പ്രഗ്യയോട് ഇരിക്കാൻ ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. 

പാർലമെന്‍റിന് പുറത്ത് വച്ച് ഈ പ്രസ്താവനയെക്കുറിച്ച് പ്രഗ്യയോട് ചോദിച്ചപ്പോൾ ''ഞാൻ പറഞ്ഞത് മുഴുവൻ കേൾക്കൂ, ഞാൻ നാളെ മറുപടി പറയാം'' എന്നായിരുന്നു മറുപടി. സംഭവം വിവാദമായതോടെ, പ്രഗ്യയുടെ പരാമർശം രേഖകളിൽ നിന്ന് നീക്കാൻ സ്പീക്കർ ഓം ബിർള നിർദേശം നൽകി.

എന്നാൽ പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി, പ്രഗ്യ പറഞ്ഞത് ഉദ്ധം സിംഗിനെക്കുറിച്ചാണെന്നായിരുന്നു, പ്രതികരിച്ചത്. ഗോഡ്സെയെ പ്രഗ്യ പിന്തുണച്ചിട്ടില്ലെന്നും ഇക്കാര്യം തന്നോട് വ്യക്തിപരമായി പറഞ്ഞെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. പ്രഗ്യയുടെ മൈക്രോഫോൺ ഓണായിരുന്നില്ലെന്നും തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ജോഷി പറഞ്ഞു. എന്നാൽ ഗോഡ്സെയെക്കുറിച്ച് രാജ വിശദമായി സംസാരിക്കുമ്പോഴാണ് പ്രഗ്യ പ്രകോപിതയായി എഴുന്നേറ്റതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ ഇത് സഭയിലടക്കം പ്രതിപക്ഷം ആയുധമാക്കാൻ ഒരുങ്ങുമ്പോഴാണ് ബിജെപി കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്. 

ഗോഡ്സെയെ പ്രഗ്യ ഇതാദ്യമായല്ല വാഴ്‍ത്തുന്നത്. ഗോഡ്സെ രാജ്യസ്നേഹി ആയിരുന്നു, ആണ്, ആയിരിക്കും എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പ്രഗ്യാ സിംഗ് അഭിപ്രായപ്പെട്ടത്. ഗോഡ്സെ ഹിന്ദു തീവ്രവാദി ആണെന്ന, കമല്‍ഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു പ്രഗ്യാസിംഗിന്‍റെ പ്രസ്താവന.

Read Also: മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സേ ദേശസ്നേഹിയായിരുന്നു, ആണ്, ആയിരിക്കും: പ്രഗ്യ സിങ് ഠാക്കൂർ

സംഭവം വിവാദമായതോടെ ബിജെപി പ്രഗ്യയോട് വിശദീകരണം ആവശ്യപ്പെടുകയും അപലപിക്കുകയും ചെയ്തിരുന്നു. പ്രസ്താവനയില്‍ പ്രഗ്യാ സിംഗ് മാപ്പ് പറഞ്ഞെന്നും പിന്നാലെ ബിജെപി അറിയിച്ചിരുന്നു. 

Read Also: ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പരാമര്‍ശം; പ്രഗ്യ സിങ് ഠാക്കൂര്‍ മാപ്പ് പറഞ്ഞെന്ന് ബിജെപി

Follow Us:
Download App:
  • android
  • ios