വാതിൽ പാളിയിൽ സ്വർണം പൂശി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോറ്റി സമീപിച്ചതെന്നും ഗോവർധൻ പറഞ്ഞു. അയ്യപ്പ ഭക്തനായതിനാൽ സമ്മതിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണകവർച്ച കേസുമായി ബന്ധമില്ലെന്ന് സ്വര്‍ണവ്യാപാരി ഗോവര്‍ധൻ. വാതിൽ പാളിയിൽ സ്വർണം പൂശി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പോറ്റി സമീപിച്ചതെന്നും ഗോവർധൻ പറഞ്ഞു. അയ്യപ്പ ഭക്തനായതിനാൽ സമ്മതിച്ചു. വിഷയത്തിൽ എസ്ഐടി കേരളത്തിലേക്ക് വിളിപ്പിച്ചിരുന്നെന്നും അറിയാവുന്ന കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയെന്നും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്ഐടി ബെല്ലാരിയിൽ എത്തിയ കാര്യവും ഗോവര്‍ധൻ സ്ഥിരീകരിച്ചു.ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഗോവര്‍ദ്ധന്‍റെ പ്രതികരണം. ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്ന് 400 ഗ്രാമിലേറെ സ്വർണമാണ് എസ്ഐടി കണ്ടെടുത്തത്.
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വർണം ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് പ്രത്യേക സംഘം കണ്ടെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്‍റെ ഉടമസ്ഥതയിലുള്ള റൊദ്ദം ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാമിലേറെ സ്വർണം കസ്റ്റഡിയിലെടുത്തത്. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും എസ്ഐടി സംഘം ബെല്ലാരിയിൽ ചോദ്യം ചെയ്തതായും ഗോവർദ്ധൻ വെളിപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക സംഘം ബംഗലുരുവിൽ തെളിവെടുപ്പ് തുടരുകയാണ്. സ്വർണം കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വി. എൻ വാസവൻ പറഞ്ഞു.
ദ്വാരപാലക പാളിയിൽ നിന്ന് കൊള്ളയടിച്ച സ്വർണം ബംഗലുരുവിലെ സുഹൃത്ത് ഗോവർദ്ധനന് വിറ്റെന്ന പോറ്റിയുടെ മൊഴിയക്ക് പിന്നാലെയാണ് പ്രത്യേക സംഘം ബെല്ലാരിയിലേക്ക് തിരിച്ചത്. ഉണ്ണികൃഷ്ൻ പോറ്റിയുമായി ബെല്ലാരിയിലെത്തിയ എസ്.പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം റൊദ്ദം ജ്വല്ലറിയിൽ നിന്ന് 400 ലേറെ ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികൾ കണ്ടെത്തിയെന്നാണ് വിവരം. അന്വേഷണം തുടങ്ങിയതിന് പിന്നാലെ 1 മാസമായി അടഞ്ഞു കിടക്കുകയാണ് ജ്വല്ലറി. ഗോവർദ്ധന്‍റെ ബെല്ലാരിയിലെ വീട്ടിലെത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കവർന്ന സ്വർണമാണോ ഇതെന്ന് ശാസ്ത്രീയ പരിശോധനനയിൽ മാത്രമെ സ്ഥിരീകരിക്കാനാകൂ. എന്നാൽ ദ്വാരപാലകസ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് ഗോവർദ്ധൻ പറയുന്നത്.
ഇന്ന് രാവിലെ 10. 20 ഓടെ പ്രത്യേക സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗലുരു ശ്രീറാം പുരത്തെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തി. എസ്ഐയും സിഐയും അടങ്ങുന്ന 4 അംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. എന്നാൽ ഉണ്ണകൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനെത്തിച്ചില്ല. ബംഗലുരുവിലെ ഹോട്ടലിൽ ആണ് ഉണ്ണികൃഷ്ണൻ പോറ്റിയെ താമസിപ്പിച്ചത്. ശ്രീറാംപുരം അമ്പലത്തിലും തെളിവെടുപ്പ് നടത്തും.
കർണാടക പോലീസിന്‍റെ കനത്ത സുരക്ഷാ വലയത്തിലാണ് എസ്ഐടിയുടെ തെളിവെടുപ്പ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്. സ്വർണം കണ്ടെത്തിയെന്ന വാർത്ത സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ കണ്ടെത്തിയത് കൊള്ളയടിച്ചതിന് സമാന തൂക്കം വരുന്ന സ്വർണ്ണം മാത്രമാണ്. ഇത് കോടതിയിൽ ഹാജരാക്കും. ഉണ്ണിൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും. ഇതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷ സംഘം.



