Asianet News MalayalamAsianet News Malayalam

സിഗരറ്റ് പാക്കറ്റുമായി വിമാനത്താവളത്തിലിറങ്ങി, പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി, ഒടുവില്‍ അറസ്റ്റ്

യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് ഇരുവരുടെയും കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് പിടിച്ചെടുത്തത്

 

Gold worth rs 83 lakh hidden in cigarette pack
Author
First Published Sep 19, 2023, 7:18 PM IST

ചണ്ഡീഗഢ്: സിഗരറ്റ് പാക്കറ്റിനുള്ളില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വ്യത്യസ്തമായ രീതിയിലുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. മറ്റുപല രീതികളിലൂടെ സ്വര്‍ണം കടത്തുന്നത് മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും സിഗരറ്റ് പാക്കറ്റിനുള്ളിലാക്കി സ്വര്‍ണം കടത്തുന്നത് അപൂര്‍വമാണെന്ന് അധികൃതര്‍ പറഞ്ഞു. സിഗരറ്റ് പാക്കറ്റിനുള്ളിലായി ആകെ 1.4 കിലോയുടെ 12 സ്വര്‍ണ ബിസ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. 12 സ്വര്‍ണ ബിസ്ക്കറ്റുകളും കൂടി ആകെ  83 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ദുബായില്‍നിന്ന് ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. യാത്രക്കാരെ പരിശോധിക്കുന്നതിനിടയിലാണ് ഇരുവരുടെയും കൈവശമുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് പിടിച്ചെടുത്തത്. സിഗരറ്റ് പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ബിസ്ക്കറ്റാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് ചണ്ഡീഗഢ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ യാത്രക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ ശരീരത്തിനുള്ളിലും ജീന്‍സിസോട് ചേര്‍ന്ന് പ്രത്യേക അറയുണ്ടാക്കിയും കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.കോഴിക്കോട് സ്വദേശികളായ ഫൈജാസ്, അബ്ദു റൗഫ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയിരുന്നത്. ദുബൈയിൽ നിന്നുമെത്തിയ ഫൈജാസ് 1347 ഗ്രാം സ്വർണമാണ് ജീൻസിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചത്. ഷാർജയിൽ നിന്നുമെത്തിയ അബ്ദു റൗഫ് നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് 1060 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചത്. കഴിഞ്ഞ മാസം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനത്തിന്‍റെ സീറ്റിനടിയിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്നാണ് കുഴമ്പ് രൂപത്തിലുള്ള ഒരു കിലോയ്ക്കടുത്തുള്ള സ്വർണം കണ്ടെടുത്തത്. 

 

Follow Us:
Download App:
  • android
  • ios